
പതിനാറാം നൂറ്റാണ്ടില് ഇംഗ്ലണ്ടില് പിറവിയെടുത്ത് തുടക്കത്തില് 'ആഭിജാത വിനോദം' മാത്രമായിരുന്ന കായിക ഇനമായിരുന്നു ക്രിക്കറ്റ്. പിന്നീട് ഇംഗ്ലീഷുകാരുടെ ലോകസഞ്ചാരത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളില് ക്രിക്കറ്റിന്റെ വിത്ത് വിതയ്ക്കപ്പെട്ടു. ദീര്ഘകാലമായി ബ്രിട്ടീഷ് കോളനികളായിരുന്ന പ്രദേശങ്ങളില് ക്രിക്കറ്റിന് വളരെ വേഗം വേരോട്ടമുണ്ടായി.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അസ്തമയത്തോടെയാണ് 'രാജകീയ വിനോദോപാധി' എന്നതില് നിന്ന് ജനകീയ കായിക വിനോദം എന്ന നിലയിലേക്കുള്ള ക്രിക്കറ്റിന്റെ മാറ്റത്തിന് ഗതിവേഗം കൂടുന്നത്. 1909 ജൂണ് 5ന് ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ലോര്ഡ്സില് ഇംപീരിയല് ക്രിക്കറ്റ് കോണ്ഫറന്സ് പിറക്കുമ്പോഴും ക്രിക്കറ്റ് സാധാരണക്കാരന് അന്യമായിരുന്നു. ഇംഗ്ലണ്ടും, ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ചേര്ന്ന് ക്രിക്കറ്റ് അസോസിയേഷനുകളുടെ ഒരു അന്താരാഷ്ട്ര സംഘടനയുണ്ടാക്കി എന്നതില് കവിഞ്ഞ് ഒരു പ്രധാന്യവും ഇംപീരിയല് ക്രിക്കറ്റ് കോണ്ഫറന്സിനുണ്ടായിരുന്നില്ല. ഈ സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളില് പിന്നീട് നടന്ന മത്സരങ്ങള്ക്ക് ഔദ്യേഗിക മത്സരപദവി ചാര്ത്തപ്പെട്ടു. ഏകീകരിക്കപ്പെട്ട ക്രിക്കറ്റ് നിമയമങ്ങളുടെ അടിസ്ഥാനത്തില് അംഗങ്ങളായ മൂന്ന് രാജ്യങ്ങള്ക്ക് ഔദ്യോഗിക ക്രിക്കറ്റ് പദവിയും കൈവന്നു.
ഈ മൂന്ന് രാജ്യങ്ങളും പങ്കെടുത്ത ഒരു ത്രിരാഷ്ട്ര ടെസ്റ്റ് പരമ്പര 1912ല് അരങ്ങേറി. 1912 മെയ് 27-28 തിയതികളില് മാഞ്ചസ്റ്ററില് ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലായിരുന്നു ആദ്യ മത്സരം. 1912 ആഗസ്റ്റ് 19-22 തീയതികളില് ഓവലില് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലായിരുന്നു ഈ ത്രിരാഷ്ട്ര ടെസ്റ്റ് ടൂര്ണമെന്റിലെ അവസാന മത്സരം. ഏകദേശം നാലു മാസത്തോളം സമയമെടുത്ത് പൂര്ത്തിയായ ത്രിരാഷ്ട്ര പരമ്പരയില് മൂന്ന് ടീമുകളും മൂന്ന് തവണ വീതം പരസ്പരം ഏറ്റുമുട്ടി. ആറ് മത്സരം കളിച്ച ഇംഗ്ലണ്ട് 4 ജയവും 2 സമനിലയുമായി പരമ്പരയില് മുന്നിലെത്തി. ഒരു മത്സരത്തില് പോലും ഇംഗ്ലണ്ട് പരാജയമറിഞ്ഞില്ല. ഓസ്ട്രേലിയ 6 മത്സരങ്ങളില് രണ്ട് വിജയവും ഒരു തോല്വിയും മൂന്ന് സമനിലയുമായി രണ്ടാമതെത്തി. കളിച്ച ഒരു മത്സരത്തിലും വിജയിക്കാന് സാധിക്കാതിരുന്ന ദക്ഷിണാഫ്രിക്ക 5 തോല്വി ഏറ്റുവാങ്ങി. ഒരു മത്സരം സമനിലയിലായി. തുടര്ന്നിങ്ങോട്ട് നേരത്തെയുള്ള ആഷസ് അടക്കം ഇംഗ്ലണ്ടും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരങ്ങള് ഇംപീരിയല് ക്രിക്കറ്റ് കോണ്ഫറന്സിന്റെ ഔദ്യോഗിക ചട്ടക്കൂടിനുള്ളില് നടന്നു വന്നു.
1926ല് വെസ്റ്റ് ഇന്ഡീസിനും, ന്യൂസിലാന്ഡിനും ഇന്ത്യക്കും ഇംപീരിയല് ക്രിക്കറ്റ് കോണ്ഫറന്സില് പൂര്ണ്ണ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളായി അംഗത്വം ലഭിച്ചു. ഔദ്യോഗിക ടെസ്റ്റ് പദവിയുള്ള രാജ്യങ്ങള് തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങള് ഇക്കാലയളവില് സംഘടിപ്പിക്കപ്പെട്ടെങ്കിലും ക്രിക്കറ്റിനെ ഒരു ജനപ്രിയ ജനകീയ വിനോദത്തിലേക്ക് ഉയര്ത്താന് ഇതിന് സാധിച്ചിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള കാലയളവിലാണ് ക്രിക്കറ്റ് ഒരു രാജ്യാന്തര ജനപ്രിയ കായിക വിനോദമായി പതിയെ പരിണമിക്കാന് തുടങ്ങിയത്. സ്വാതന്ത്ര്യം കിട്ടിയതോടെ 1952ല് പൂര്ണ്ണ ടെസ്റ്റ് പദവിയുള്ള ആറാമത്തെ രാജ്യമായി പാക്കിസ്ഥാന് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയില് അംഗമായി. 1961ല് ദക്ഷിണാഫ്രിക്ക കോമണ്വെല്ത്ത് വിട്ടിരുന്നു. അതോടെ ദക്ഷിണാഫ്രിക്കയുടെ പൂര്ണ്ണ ടെസ്റ്റ് പദവിയും നഷ്ടമായി.
1964ല് ടെസ്റ്റ് ക്രിക്കറ്റ് പദവിയില്ലാത്ത രാജ്യങ്ങളെ അസോസിയേറ്റ് അംഗങ്ങളാക്കാന് ഐസിസി തീരുമാനിച്ചു. ഇതിന് പിന്നാലെ ഇംപീരിയല് ക്രിക്കറ്റ് കോണ്ഫറന്സ്, ഇന്റര്നാഷണല് ക്രിക്കറ്റ് കോണ്ഫറന്സായി മാറി. യുഎസ്, സിലോണ്, ഫിജി എന്നീ രാജ്യങ്ങള് അസോസിയേറ്റ് രാജ്യങ്ങളായി മാറി. പിന്നീട് 1968ല് ഡെന്മാര്ക്, ബെര്മുഡ, നെതര്ലാന്ഡ്സ്, ഈസ്റ്റ് ആഫ്രിക്ക എന്നീ രാജ്യങ്ങളും ഐസിസിയില് അസോസിയേറ്റഡ് അംഗങ്ങളായി.
1970-71ല് ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയന് പര്യടനത്തിനിടയിലാണ് ക്രിക്കറ്റിന്റെ ജനപ്രിയതക്ക് ഗതിവേഗം പകര്ന്ന ആ യാദൃശ്ചിക സംഭവമുണ്ടാകുന്നത്. ടെസ്റ്റ് പരമ്പരയുടെ മൂന്നാം ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിവസങ്ങള് മഴകവര്ന്നു, മത്സരം ഉപേക്ഷിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ടെസ്റ്റിന്റെ അവസാന ദിനമായി നിശ്ചയിക്കപ്പെട്ട 1971 ജനുവരി 5ന് എട്ടു ബോളുകള് വീതമുള്ള 40 ഓവര് മത്സരം കളിക്കാന് ഇരുടീമുകളും തീരുമാനിക്കുന്നത് അങ്ങനെയാണ്. മെല്ബണ് ക്രിക്കറ്റ് ഗ്രൗണ്ടില് പരിമിത ഓവര് ക്രിക്കറ്റ് മത്സരത്തിന്റെ സാധ്യതകള് ആദ്യമായി ലോകത്തിന് മുന്നില് ഔദ്യോഗികമായി കണ്തുറന്നു. മത്സരത്തില് ഓസ്ട്രേലിയ 5 വിക്കറ്റിന് വിജയിച്ചു. തുടര്ന്ന് 1971ലെ ഐസിസി യോഗം ഏകദിന ക്രിക്കറ്റ് ലോകകപ്പിനെക്കുറിച്ച് ആലോചിച്ചു. 1973ലെ യോഗം ലോകകപ്പ് സംഘടിപ്പിക്കാന് തന്നെ തീരുമാനിച്ചു. 1975ല് ഇംഗ്ലണ്ടില് വെച്ച് പ്രഥമ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടത്താനായിരുന്നു തീരുമാനം.
ഇംഗ്ലണ്ടും ഓസ്ട്രേലിയയും അവരുടെ ഔദ്യോഗിക ഏകദിന പദവി 1971ല് സ്വന്തമാക്കിയിരുന്നു. ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ആശയം ഐസിസി ആദ്യമായി അലോചിക്കുമ്പോള് ടെസ്റ്റ് പദവിയുള്ള ബാക്കി നാല് രാജ്യങ്ങള്ക്കും ഔദ്യോഗിക ഏകദിന പദവി ഉണ്ടായിരുന്നില്ല. 1973ലെ പാക്കിസ്ഥാന്റെ ന്യൂസിലാന്റ് പര്യടനത്തിലാണ് ഇരുരാജ്യങ്ങളും ആദ്യമായി ഐസിസി അംഗീകരിച്ച ഏകദിന മത്സരം കളിച്ചത്. 1973 ഫെബ്രുവരി 11ന് ക്രൈസ്റ്റ് ചര്ച്ചിലെ ലാന്കാസ്റ്റര് പാര്ക്കിലായിരുന്നു ഈ മത്സരം. പാക്കിസ്ഥാനെ 22 റണ്സിന് പരാജയപ്പെടുത്തി ന്യൂസിലാന്ഡ് ആദ്യ ഏകദിന വിജയം സ്വന്തമാക്കി.
1973ലെ ഇംഗ്ലണ്ടിലേക്കുള്ള പര്യടനത്തില് വെസ്റ്റ് ഇന്ഡീസും ഏകദിന പദവി നേടി. 1973 സെപ്റ്റംബര് 5ന് ലീഡ്സിലെ ഹെഡിങ്ങ്ലി ഗ്രൗണ്ടില് നടന്ന പ്രഥമ ഏകദിന മത്സരത്തില് വെസ്റ്റ് ഇന്ഡീസ് പരാജയപ്പെട്ടു. അവേശകരമായ മത്സരത്തില് ഒരു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ട് ദിവസത്തിന് ശേഷം നടന്ന രണ്ടാം ഏകദിന മത്സരത്തില് വെസ്റ്റ് ഇന്ഡീസ് പകരം വീട്ടി. എട്ട് വിക്കറ്റിനായിരുന്നു വെസ്റ്റ് ഇന്ഡീസിന്റെ വിജയം. രണ്ട് ഏകദിന മത്സര പരമ്പരങ്ങള് ഉണ്ടായിരുന്ന പരമ്പരയില് ഇരുടീമുകളും ഓരോ വിജയം വീതം നേടി. രണ്ട് മത്സരങ്ങളിലെ വേഗത്തിലുള്ള സ്കോറിങ് റേറ്റ് ഏകദിന പരമ്പരയിലെ ജേതാക്കള്ക്കുള്ള പ്രുഡന്ഷ്യല് കപ്പിന് വെസ്റ്റ് ഇന്ഡീസിനെ അര്ഹരാക്കി.
1975ല് ഏകദിന ലോകകപ്പ് മത്സരങ്ങള് തുടങ്ങാന് തീരുമാനിച്ചതിന് ശേഷമാണ് ഏറ്റവും ഒടുവിലായി, ടെസ്റ്റ് പദവിയുള്ള ആറാമത്തെ രാജ്യമായ ഇന്ത്യ ഏകദിന ക്രിക്കറ്റ് പദവി നേടുന്നത്. 1974ലെ ഇംഗ്ലണ്ട് പര്യടനത്തില് ജൂലൈ 13ന് ഇന്ത്യ ആദ്യ ഏകദിന മത്സരം കളിച്ചു. ലീഡ്സില് നടന്ന മത്സരത്തില് പക്ഷെ 4 വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടു. ക്യാപ്റ്റന് അജിത് വഡേക്കറും ബ്രിജേഷ് പട്ടേലും ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില് ഇന്ത്യയ്ക്കായി അര്ദ്ധ സെഞ്ച്വറി നേടി. മൂന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയ അജിത് വഡേക്കര് 82 പന്തില് പത്ത് ബൗണ്ടറികളോടെ 67 റണ്സ് നേടി. 78 പന്തില് എട്ട് ബൗണ്ടറിയുടെയും 2 സിക്സറിന്റെയും പിന്ബലത്തില് 82 റണ്സെടുത്ത ബ്രിജേഷ് പട്ടേല് ഇന്ത്യയുടെ ടോപ്സ്കോററായി. അഞ്ചാം വിക്കറ്റില് അജിത് വഡേക്കറും ബ്രിജേഷ് പട്ടേലും നേടിയ 51 റണ്സിന്റെ പാര്ട്ടണര്ഷിപ്പ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര് സമ്മാനിച്ചു. 53.2 ഓവറില് 265 റണ്സിന് ഇന്ത്യയുടെ എല്ലാവരും പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 55 ഓവറില് വിജയലക്ഷ്യം മറികടന്നു. 6 വിക്കറ്റ് നഷ്ടത്തില് 266 റണ്സ് നേടിയാണ് ഇംഗ്ലണ്ട് വിജയം കുറിച്ചത്. ബിഷന് സിങ്ങ് ബേദിയും ഏക്നാഥ് സോള്ക്കറും ഇന്ത്യക്കായി രണ്ട് വിക്കറ്റ് നേടിയപ്പോള് മദന്ലാലും ശ്രീനിവാസ വെങ്കിട്ടരാഘവനും ഓരോ വിക്കറ്റ് വീതം നേടി.
രണ്ട് ദിവസത്തിന് ശേഷം നടന്ന രണ്ടാം ഏകദിനത്തില് ഇന്ത്യക്ക് ആദ്യമത്സരത്തിലേത് പോലെ തിളങ്ങാനായില്ല. ആദ്യ മത്സരത്തില് ഇന്ത്യന് ബാറ്റിങ്ങിന്റെ നെടുംതൂണുകളായിരുന്ന അജിത് വഡേക്കറിനും ബ്രിജേഷ് പട്ടേലിനും യഥാക്രമം 6, 12 റണ്സ് മാത്രമാണ് നേടാന് കഴിഞ്ഞത്. ബ്രിജേഷ് പട്ടേല് ദൗര്ഭാഗ്യകരമായ റണ്ണൗട്ടിലൂടെയാണ് പുറത്തായത്. 59 പന്തില് നിന്ന് 32 റണ്സ് നേടിയ ഗുണ്ടപ്പ വിശ്വനാഥും 61 പന്തില് നിന്ന് 44 റണ്സ് നേടിയ അശോക് മങ്കാദിനും മാത്രമാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങാനായത്. 47.3 ഓവറില് 171 റണ്സിന് ഇന്ത്യയുടെ എല്ലാ ബാറ്റര്മാരും ഡ്രസിങ്ങ് റൂമില് മടങ്ങിയെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ജയം അനായാസമായിരുന്നു. 48.5 ഓവറില് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു. ഇന്ത്യക്ക് വേണ്ടി സയ്ദ് ആബിദ് അലി, മദന്ലാല്, ഗോപാല് ബോസ്, അശോക് മങ്കാദ് എന്നിവര് ഓരോ വിക്കറ്റ് വീതം നേടി. പരമ്പരയിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ബ്രിജേഷ് പട്ടേലായിരുന്നു ഏകദിന പരമ്പരയിലെ താരം.
ടെസ്റ്റ് പദവിയുള്ള ആറ് രാജ്യങ്ങളും ഏകദിന പദവി കൂടി നേടിയതിന് ശേഷമായിരുന്നു 1975ല് ഇംഗ്ലണ്ടില് വച്ച് പ്രഥമ ഏകദിന ലോകകപ്പിന് തുടക്കമായത്. ക്രിക്കറ്റ് അതിവേഗം ജനപ്രിയ കായികവിനോദമായി മാറുന്നതിന് കൂടിയാണ് 1975ലെ ലോകകപ്പ് തുടക്കമിട്ടത്.