ലോകക്രിക്കറ്റിലെ ഓസ്ട്രേലിയന്‍ ആധിപത്യം; ഏകദിന ലോകകപ്പിന് 20 നാള്‍

അഞ്ച് ലോകകപ്പുകള്‍ നേടിയ ഏക ടീമാണ് ഓസ്‌ട്രേലിയ
ലോകക്രിക്കറ്റിലെ ഓസ്ട്രേലിയന്‍ ആധിപത്യം; ഏകദിന ലോകകപ്പിന് 20 നാള്‍

ഏഷ്യയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് ഭൂഖണ്ഡമാണ് ഓസ്‌ട്രേലിയ. ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം. ഇവിടെ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ആറാമത്തെ വലിയ രാജ്യമാണ് ഓസ്ട്രേലിയ. 1803ലാണ് സിഡ്നിയില്‍ ഓസ്‌ട്രേലിയയിലെ ആദ്യ ക്രിക്കറ്റ് മത്സരം നടന്നത്. എങ്കിലും 1826ലാണ് ഓസ്ട്രേലിയയില്‍ ആദ്യമായി ഒരു ക്രിക്കറ്റ് ക്ലബ് രൂപീകരിക്കപ്പെട്ടത്. സൈനികര്‍ക്ക് വേണ്ടി മിലിട്ടറി ക്രിക്കറ്റ് ക്ലബാണ് അന്ന് രൂപീകരിക്കപ്പെട്ടത്. പിന്നാലെ ഓസ്ട്രേലിയക്കാര്‍ക്കായി ഓസ്ട്രേലിയന്‍ ക്ലബ് രൂപീകരിച്ചു.

1838ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ് രൂപീകരിക്കപ്പെട്ടു. 1851ല്‍ വാന്‍ ഡീമെന്‍സും പോര്‍ട്ട് ഫിലിപ്പും തമ്മില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നു. ഇതോടെ ഓസ്ട്രേലിയയില്‍ ആഭ്യന്തര ക്രിക്കറ്റ് കരുത്താര്‍ജിച്ചു. 1861ല്‍ ആദ്യമായി ഒരു ഇംഗ്ലീഷ് ക്ലബ് ഓസ്ട്രേലിയന്‍ പര്യടനത്തിലെത്തി. 1868ല്‍ ഓസ്ട്രേലിയ ഇംഗ്ലണ്ട് പര്യടനം നടത്തി.

1877കളോടെയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ഉദയം ആരംഭിച്ചത്. ആ വര്‍ഷം നടന്ന ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരമാണ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ്. മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കായിരുന്നു ജയം. 1880കളില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ട് പര്യടനം നടത്തി. 1882ല്‍ ഇംഗ്ലണ്ട് - ഓസ്ട്രേലിയ പോരാട്ടങ്ങള്‍ക്ക് ആഷസ് എന്ന് പേരിട്ടു. 1892ല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കൗണ്‍സില്‍ രൂപീകരിച്ചു. പിന്നാലെ ഷെഫീല്‍ഡ് ട്രോഫി ഓസ്ട്രേലിയയിലെ പ്രധാന ആഭ്യന്തര ക്രിക്കറ്റായി മാറി.

1890 മുതല്‍ ഒന്നാം ലോകമഹായുദ്ധകാലം വരെയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടം എന്നറിയപ്പെടുന്നത്. ക്ലെം ഹില്‍, വിക്ടര്‍ ട്രമ്പര്‍, മോണ്ടി നോബിള്‍ എന്നിവര്‍ ഇക്കാലത്താണ് ഓസ്ട്രേലിയന്‍ ടീമില്‍ കളിച്ചത്.

1920കളില്‍ ഓസ്ട്രേലിയ കൂടുതല്‍ കരുത്തരും ഇംഗ്ലണ്ട് ദുര്‍ബലരുമാക്കപ്പെട്ടു. ആഷസില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 5-0ന് മലര്‍ത്തിയടിച്ചു. ഡോണ്‍ ബ്രാഡ്മാന്‍, ബ്രത്ത് ഓള്‍ഡ്ഫീല്‍ഡ്, ജാക്ക് ഗ്രിഗോറി തുടങ്ങിയവര്‍ ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്തി. ബ്രാഡ്മാന്റെ കാലത്താണ് കുപ്രസിദ്ധമായ ബോഡി ലൈന്‍ ക്രിക്കറ്റ് പരീക്ഷിക്കപ്പെട്ടത്. 1948 വരെയും ബ്രാഡ്മാന്‍ ഓസ്‌ട്രേലിയന്‍ ടീമിലുണ്ടായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1950ല്‍ വീണ്ടും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ശക്തിപ്രാപിച്ചു. 1970കളില്‍ റോഡ്‌നി മാര്‍ഷ്, ഡെന്നിസ് ലില്ലി, ജെഫ് തോംസണ്‍ തുടങ്ങിയവര്‍ ഓസ്‌ട്രേലിയന്‍ ടീമിലെത്തി. 1977ല്‍ നടന്ന നൂറ്റാണ്ടിന്റെ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു.

1971ലാണ് ഓസ്‌ട്രേലിയ ആദ്യമായി ഏകദിന ക്രിക്കറ്റ് കളിച്ചത്. മെല്‍ബണില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിവസം മഴയെടുത്തു. 50,000ത്തോളം വരുന്ന കാണികളെ തൃപ്തിപ്പെടുത്തുവാനായി 40 ഓവറിന്റെ മത്സരം നടത്തുവാന്‍ തീരുമാനിച്ചു. ക്രിക്കറ്റിന്റെ തലവര മാറ്റമറിച്ച തീരുമാനം ആയിരുന്നു ഇത്. ക്രിക്കറ്റ് മാറ്റങ്ങളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത് ഇവിടെ നിന്നുമാണ്. 1979ല്‍ മൂന്ന് രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരകള്‍ ആരംഭിച്ചു. 1973ല്‍ വനിതകളുടെ ഏകദിന ലോകകപ്പ് നടന്നു. രണ്ട് വര്‍ഷത്തിന് ശേഷം പുരുഷന്മാരുടെ ലോകകപ്പ് നടത്തി. 1977ല്‍ വേള്‍ഡ് സീരിസ് ക്രിക്കറ്റിനും തുടക്കമായി.

1975ലെ പ്രഥമ ലോകകപ്പില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ പരാജയപ്പെട്ടു. 1979ലും 1983ലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നാട്ടിലേക്ക് വണ്ടികയറി. എന്നാല്‍ പിന്നീടങ്ങോട്ട് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ യുഗമായിരുന്നു. 1987ല്‍ ലോകകപ്പ് നേടി. ജെഫ് മാര്‍ഷ്, ഡേവിഡ് ബൂണ്‍, അലന്‍ ബോര്‍ഡര്‍, ഡീന്‍ ജോണ്‍സ്, സ്റ്റീവ് വോ, ക്രെയിഗ് മക്ഡര്‍മോട്ട്, ബ്രൂസ് റീഡ് തുടങ്ങിയവര്‍ അണിനിരന്ന വമ്പന്‍ താരനിരയായിരുന്നു ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പ് ആദ്യമായി നേടിക്കൊടുത്തത്.

1992ല്‍ ഒന്‍പത് ടീമുകളാണ് ലോകകപ്പിനെത്തിയത്. റൗണ്ട്‌റോബിന്‍ ഫോര്‍മാറ്റില്‍ ഒരു ടീമിന് എട്ട് മത്സരങ്ങള്‍. നാല് ജയവും നാല് തോല്‍വിയുമായി ആദ്യ റൗണ്ടില്‍ തന്നെ ഓസ്‌ട്രേലിയ ലോകപോരാട്ടം മതിയാക്കി. 1996ല്‍ ഫൈനലില്‍ ശ്രീലങ്കയോട് തോറ്റു. പക്ഷേ വരാനിരിക്കുന്ന വിജയകാഹളത്തിന്റെ തുടക്കം മാത്രമായിരുന്നു ആ തോല്‍വി.

1999ലാണ് ലോകകപ്പിലെ ഓസ്‌ട്രേലിയന്‍ ആധിപത്യം ആരംഭിച്ചത്. മാര്‍ക് വോ, സ്റ്റീവ് വോ, റിക്കി പോണ്ടിങ്, ആദം ഗില്‍ക്രിസ്റ്റ്, ടോം മൂഡി, മൈക്കല്‍ ബെവന്‍, ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, ഡാമിയേന്‍ മാര്‍ട്ടിന്‍ അങ്ങനെ ലോകക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഇതിഹാസങ്ങള്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരുമിച്ച് അണിനിരന്നു. ആദ്യ മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനോട് ജയിച്ചു തുടങ്ങി. രണ്ടാം മത്സരത്തില്‍ കിവിസിനോട് തോറ്റു. പിന്നീട് തോല്‍വി അറിയാതെയുള്ള മുന്നേറ്റം. സെമിയില്‍ ദക്ഷിണാഫ്രിക്കയോട് ടൈ ആയി. ഗ്രൂപ്പ് ഘട്ടത്തിലെ വിജയങ്ങളുടെ അടിസ്ഥാനത്തില്‍ ഫൈനലിലേക്ക്. പാകിസ്താനെ തോല്‍പ്പിച്ച് ലോകജേതാക്കളായി.

2003ല്‍ ഓസ്‌ട്രേലിയന്‍ പടയോട്ടം. ഒറ്റ മത്സരം പോലും തോല്‍ക്കാതെ ലോകജേതാക്കളായി. ഓസ്‌ട്രേലിയ എന്ന് കേട്ടാല്‍ മതി എതിരാളിയുടെ ചങ്കിടിക്കും. ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിങ്, ഡാമിയന്‍ മാര്‍ട്ടിന്‍, ഡാരന്‍ ലീമാന്‍, മൈക്കല്‍ ബെവന്‍, ആന്‍ഡ്രൂ സൈമണ്ട്‌സ്, ബ്രാഡ് ഹോഗ്, ആന്റി ബിക്കല്‍, ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത് എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ എതിരാളി തോല്‍വി സമ്മതിച്ചിരിക്കും. ഓരോ എതിരാളികളുടെയും ശക്തിദൗര്‍ബല്യങ്ങളെ തകര്‍ക്കാന്‍ എന്തിനുംപോന്ന പോരാളികള്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ ഉണ്ടായിരുന്നു. എങ്കിലും ഓസ്‌ട്രേലിയന്‍ ആധിപത്യത്തോട് ഒരു ടീമും പൊരുതാതെ കീഴടങ്ങിയിട്ടില്ല.

2007ലേത് ഓസ്‌ട്രേലിയയുടെ മാത്രം ലോകകപ്പായിരുന്നു. വീണ്ടും തോല്‍വി അറിയാതെയുള്ള കുതിപ്പ്. മുമ്പത്തെ ടീമില്‍ നിന്ന് ഏതാനും ചില മാറ്റങ്ങള്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ ഉണ്ടായിരുന്നത്. ഏകപക്ഷീയമായി മാറിയ മത്സരങ്ങള്‍ പോരാട്ടങ്ങളുടെ ആവേശം തല്ലിക്കെടുത്തു. ചരിത്രത്തിലെ നിറംകെട്ട ലോകകപ്പായി 2007 മാറി. ചില വിവാദങ്ങള്‍ മാത്രമാണ് 2007 ലോകകപ്പിനെ അടയാളപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്നാം തവണയും ഓസ്‌ട്രേലിയ ലോകകപ്പ് ജയിച്ച് ചരിത്രം കുറിച്ചു.

2011ല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ പാകിസ്താനോട് തോറ്റു. തോല്‍വി അറിയാതെയുള്ള 34 ലോകകപ്പ് മത്സരങ്ങള്‍ക്ക് അവസാനമായി. ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോറ്റ് ലോകചാമ്പ്യന്‍ പട്ടവും ഓസീസ് കൈവിട്ടു. രണ്ട് ലോകകപ്പുകള്‍ ഓസ്‌ട്രേലിയയിലേക്ക് എത്തിച്ച റിക്കി പോണ്ടിങ് നായകസ്ഥാനം രാജിവെച്ചു.

2015ല്‍ മൈക്കിള്‍ ക്ലാര്‍ക്ക് ആയിരുന്നു ഓസ്‌ട്രേലിയന്‍ ടീമിനെ നയിച്ചത്. 1999ലെ ലോകകപ്പുമായി ചെറിയ സമാനതകളുണ്ട്. ഓസ്‌ട്രേലിയ തോറ്റത് ന്യുസിലന്‍ഡിനോട് മാത്രം. 99ല്‍ സെമിയില്‍ ദക്ഷിണാഫ്രിക്കയോട് ടൈയിലെത്തി. 2015ല്‍ ബംഗ്ലാദേശുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു. ബാക്കി മത്സരങ്ങളെല്ലാം ജയിച്ച് ഓസ്‌ട്രേലിയ ലോകകപ്പ് തിരിച്ചുപിടിച്ചു. അഞ്ച് ലോകകപ്പുകള്‍ നേടുന്ന ഏക ടീമും ആയി ഓസ്ട്രേലിയ.

2019ല്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റു. നാല് വര്‍ഷത്തിന് ശേഷം കങ്കാരുക്കള്‍ വീണ്ടുമൊരു ലോകപോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ക്രിക്കറ്റിന്റെ നവീനയുഗത്തിന് തുടക്കം കുറിച്ച മണ്ണിലേക്ക് വീണ്ടുമൊരു ലോകകപ്പ് എത്തുമോ? ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്കായി കുറച്ച് ദിവസം കാത്തിരിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com