
ഒക്ടോബറില് നടക്കുന്ന ലോകകപ്പിലേക്കുള്ള നെതര്ലാന്ഡ്സിന്റെ എന്ട്രി അപ്രതീക്ഷിതമായിരുന്നു. പേരെടുത്ത താരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും വെസ്റ്റ് ഇന്ഡീസ്, സിംബാബ്വെ, ശ്രീലങ്ക തുടങ്ങിയ ടീമുകളുടെ വെല്ലുവിളികളെ ഓറഞ്ചു പടയ്ക്ക് മറികടക്കാന് സാധിച്ചു. ഇന്നത്തെ വമ്പന് ടീമുകളെക്കാള് മുമ്പെ ഡച്ച് ടീം ക്രിക്കറ്റ് കളിച്ചു തുടങ്ങിയിരുന്നു. ക്രിക്കറ്റ് ചരിത്രത്തോളം പഴക്കമുള്ള നെതര്ലാന്ഡ്സ് പക്ഷെ ഇപ്പോഴും കുഞ്ഞന് ടീമായി തുടരുകയാണ്.
19-ാം നൂറ്റാണ്ടില് നെപ്പോളിയന് യുദ്ധങ്ങള്ക്കിടെ ബ്രിട്ടീഷ് പട്ടാളക്കാരാണ് നെതര്ലാന്ഡ്സിനെ ക്രിക്കറ്റ് എന്ന വിനോദം പരിചയപ്പെടുത്തിയത്. 1860കളോടെ നെതര്ലാന്ഡ്സിലെ പ്രധാന വിനോദമായി ക്രിക്കറ്റ് മാറി. 1881 ല് നെതര്ലാന്ഡ് ദേശീയ ടീം ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. അക്സ്ബ്രിഡ്ജ് ക്രിക്കറ്റ് ക്ലബിനെതിരെ ആയിരുന്നു ആദ്യ മത്സരം. 22 താരങ്ങളെ അണിനിരത്തിയിട്ടും ആദ്യ മത്സരത്തില് നെതര്ലാന്ഡ്സ് ടീം ഇന്നിംഗ്സ് തോല്വി വഴങ്ങി.
ക്രിക്കറ്റ് ഇംഗ്ലീഷുകാരുടെ വിനോദമായാണ് അറിയപ്പെട്ടിരുന്നത്. ഇംഗ്ലീഷ് അധിനിവേശം ഉണ്ടായ രാജ്യങ്ങളില് ക്രിക്കറ്റ് പ്രചാരത്തിലായി. ഇന്ന് ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളെല്ലാം ഒരു കാലത്ത് ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രം പേറുന്നവരാണ്. മറ്റെവിടെയും ക്രിക്കറ്റ് വളര്ന്നില്ല. ഇംഗ്ലണ്ടില് അല്ലാതെ യൂറോപ്പ്യന് രാജ്യങ്ങളിലൊന്നും ക്രിക്കറ്റ് എന്ന വിനോദം ഉയര്ന്നുവന്നില്ല.
നെതര്ലാന്ഡ്സില് ക്രിക്കറ്റ് വളര്ന്നത് ഡച്ച് സ്കൂളുകള് വഴിയാണ്. ശാരീരിക ക്ഷമതയ്ക്കും മാനസിക കരുത്തിനും ക്രിക്കറ്റ് മികച്ച ഒരു വിനോദമായി ഡച്ചുകാര് അംഗീകരിച്ചു. കിംഗ് വില്യം മൂന്നാമന് മക്കളെ ക്രിക്കറ്റ് കളിക്കുവാനായി അയച്ചു. 1870 കളിലും 1880 കളിലും നെതര്ലാന്ഡ്സില് ക്രിക്കറ്റ് ക്ലബ് ആരംഭിച്ചു. 1878 ല് ആരംഭിച്ച ഹേഗ് ക്രിക്കറ്റ് ക്ലബാണ് ഇന്നും രാജ്യത്തെ ക്രിക്കറ്റിന്റെ കേന്ദ്രം.
1881 കളോടെ ഇംഗ്ലീഷ് ക്ലബുകള് നെതര്ലാന്ഡ്സില് പര്യടനം നടത്തി. ബ്രിട്ടന്റെയും നെതര്ലാന്ഡ്സിന്റെയും ക്രിക്കറ്റ് നിയമങ്ങളില് ഏറെ വ്യത്യാസം ഉണ്ടായിരുന്നു. നെതര്ലാന്ഡ്സിലെ ക്ലബുകള്ക്ക് ഇടയിലും ക്രിക്കറ്റ് നിയമങ്ങളില് വ്യത്യാസമുണ്ടായിരുന്നു. വിക്കറ്റിന് പിന്നില് റണ്സ് നേടുന്നത് തെറ്റാണ് എന്നായിരുന്നു ഒരു ക്ലബിന്റെ നിയമം. ഇത്തരം നിയമങ്ങള് ഇംഗ്ലണ്ട് ക്രിക്കറ്റിന് അമ്പരപ്പ് ഉണ്ടാക്കുന്നതായിരുന്നു. എങ്കിലും നെതര്ലാന്ഡ്സ് ക്രിക്കറ്റ് വ്യത്യസ്തമായി നിലനിന്നു. എന്നാല് രണ്ട് വര്ഷത്തിനുള്ളില് 'നെതര്ലാന്ഡ്സ് ക്രിക്കറ്റ് ബോണ്ട്' രൂപികരിക്കപ്പെട്ടു. രാജ്യത്തെ ക്രിക്കറ്റിനെ ശരിയായ വഴിയ്ക്ക് നടത്തുക ആയിരുന്നു ബോണ്ടിന്റെ ലക്ഷ്യം. ലോകത്തെ രണ്ടാമത്തെ ദേശീയ ക്രിക്കറ്റ് ടീമായിരുന്നു നെതര്ലാന്ഡ്സിന്റേത്. പക്ഷേ നെതര്ലാന്ഡ്സ് ക്രിക്കറ്റിന് മുന്നോട്ട് പോകാന് സാധിച്ചില്ല. ക്രിക്കറ്റിന്റെ വളര്ച്ചയ്ക്ക് അടിസ്ഥാന സൗകര്യങ്ങള് ഉയര്ത്തണമെന്നത് നെതര്ലാന്ഡ്സിനെ പിന്നോട്ടുവലിച്ചു. പതിയെ സ്കൂളുകളില് നിന്നും ക്രിക്കറ്റ് എന്ന വിനോദം അപ്രത്യക്ഷമാകാന് തുടങ്ങി.
ഒന്നാം ലോക മഹായുദ്ധകാലത്താണ് നെതര്ലാന്ഡ്സില് ക്രിക്കറ്റ് മടങ്ങിവന്നത്. ബ്രിട്ടീഷ് പട്ടാളക്കാര് നെതര്ലാന്ഡ്സില് ക്രിക്കറ്റ് കളിക്കാന് തുടങ്ങി. ഒരിക്കല്കൂടി നെതര്ലാന്ഡ്സില് ക്രിക്കറ്റ് വളരുവാന് തുടങ്ങി. 1930 കളാണ് നെതര്ലാന്ഡ്സ് ക്രിക്കറ്റിന്റെ സുവര്ണ കാലഘട്ടം. ഇക്കാലത്ത് നെതര്ലാന്ഡ്സ് ക്രിക്കറ്റിന്റെ 50-ാം വാര്ഷികം ആഘോഷിക്കാനായി മാര്ലിബന് ക്രിക്കറ്റ് ക്ലബിന്റെ ക്ഷണമുണ്ടായി. എംസിസിയോട് തോറ്റെങ്കിലും പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് ഡച്ച് പട വണ്ടികയറി. ദക്ഷിണാഫ്രിക്കയില് ജയവും തോല്വിയുമുണ്ടായി. എന്നാല് യൂറോപ്യന് രാജ്യങ്ങളിലെ ക്രിക്കറ്റില് നെതര്ലാന്ഡ്സിന്റെ ആധിപത്യം ഉണ്ടായി.
രണ്ടാം ലോക മഹായുദ്ധം ഡച്ച് ക്രിക്കറ്റിന്റെ മരണമണി ആയിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇംഗ്ലണ്ടില് ക്രിക്കറ്റ് കളി ഉണ്ടായിരുന്നില്ല. എന്നാല് നാസി അധിനിവേശത്തിനെതിരെ നെതര്ലാന്ഡ്സിന്റെ ആയുധമായിരുന്നു ക്രിക്കറ്റ്. യുദ്ധത്തിന് ശേഷവും നെതര്ലാന്ഡ്സ് ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരുന്നു. പതിയെ നെതര്ലാന്ഡ്സില് ഫുട്ബോള് എന്ന വിനോദം ഉയര്ന്നുവന്നു. ഫുട്ബോളിന് ജനപിന്തുണ ഉണ്ടായി. ഫുട്ബോള് കളിക്കുന്നത് പലരുടെയും ജീവിതമായി. ക്രിക്കറ്റ് ഉന്നതവിഭാഗത്തിന്റെ മാത്രം കളിയായി. നെതര്ലാന്ഡ്സില് പ്രചാരത്തില് ഉണ്ടായിരുന്ന ക്രിക്കറ്റിനെ വളര്ത്താന് ഐസിസിയും ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. മാര്ലിബന് ക്രിക്കറ്റ് ക്ലബിനെ അനുസരിക്കുകയാണ് ഐസിസി പലപ്പോഴും ചെയ്തത്. ക്രിക്കറ്റിന് ലോകത്തെങ്ങും പ്രചാരം നല്കാതെ അതിനെ ഇംഗ്ലീഷ് അധിനിവേശ രാജ്യങ്ങളിലേക്ക് മാത്രമായി ചുരുക്കിയെന്നാണ് ചരിത്രകാരന്മാര് ചൂണ്ടിക്കാട്ടുന്നത്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്ക്ക് ഐസിസി ടെസ്റ്റ് പദവി നല്കി. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ബ്രിട്ടീഷ് കോളനി ആയിരുന്നു. 1965 വരെ കോമണ്വെല്ത്ത് രാജ്യങ്ങള്ക്ക് മാത്രമായിരുന്നു ഐസിസി അംഗീകാരം ലഭിച്ചിരുന്നത്. ഈ വിവേചനത്തെ തുടര്ന്ന് നെതര്ലാന്ഡ്സില് നിന്നും ക്രിക്കറ്റ് അകലാന് ഇടയായി. ഫുട്ബോളില് ആവട്ടെ നെതര്ലാന്ഡ്സ് ഏറെ മുന്നോട്ടുപോയി. ഐസിസി ഒരു ഇംഗ്ലീഷ് പക്ഷത്ത് നിന്നും അന്താരാഷ്ട്ര നിലപാട് സ്വീകരിച്ചിരുന്നെങ്കില് നെതര്ലാന്ഡ്സ് ക്രിക്കറ്റിന് ഉയര്ച്ച ഉണ്ടാകുമായിരുന്നുവെന്നും ഇന്നത്തെ പ്രബല രാജ്യങ്ങള്ക്ക് ഒപ്പം നെതര്ലാന്ഡ്സ് ക്രിക്കറ്റ് കളിക്കുമായിരുന്നുവെന്നും ചരിത്രകാരന് ടിം ബ്രൂക്സ് സാക്ഷ്യപ്പെടുത്തുന്നു.
നെതര്ലാന്ഡ്സിന് ലോകകപ്പ് വേദിയില് ഇത് അഞ്ചാം അവസരമാണ്. 1996 ലാണ് ആദ്യമായി ലോകകപ്പിന് എത്തിയത്. ഒരു മത്സരം പോലും നെതര്ലാന്ഡ്സിന് ജയിക്കാന് കഴിഞ്ഞില്ല. പിന്നീട് 2003ലാണ് നെതര്ലാന്ഡ്സ് ലോകകപ്പിന് എത്തിയത്. ഇന്ത്യയെ 204 റണ്സിന് ഓള് ഔട്ടാക്കി ഞെട്ടിച്ചു. പക്ഷേ മത്സരം ജയിക്കാന് കഴിഞ്ഞില്ല. നമീബിയയ്ക്കെതിരെ ലോകകപ്പിലെ ആദ്യ ജയം ആഘോഷിച്ചു. 2007 ല് സ്കോട്ട്ലാന്ഡിനെ തോല്പ്പിച്ചു. 2011 ല് ഒരു മത്സരത്തില് പോലും ഓറഞ്ച് പടയ്ക്ക് വിജയിക്കാനായില്ല. 2015 ലും 2019 ലും ലോകകപ്പ് യോഗ്യതയും നേടാന് കഴിഞ്ഞില്ല. തിരിച്ചടികള്ക്കും നീണ്ട കാത്തിരിപ്പിനും ശേഷം ഒരിക്കല് കൂടി ഡച്ച് പട ലോകവേദിയിലേക്ക് തിരിച്ചെത്തുകയാണ്. യോഗ്യതാ മത്സരങ്ങളില് കരുത്തരെ കീഴടക്കിയെത്തുന്ന നെതര്ലാന്ഡ്സില് നിന്ന് ഇത്തവണ അപ്രതീക്ഷിത മുന്നേറ്റം ക്രിക്കറ്റ് ആരാധകര് പ്രതീക്ഷിക്കുന്നുണ്ട്.