
പനി ഒരു ചെറിയ അസുഖമായി തള്ളിക്കളയുകയും സ്വയം ശുശ്രൂഷ നൽകുകയും ചെയ്യുന്നവരാണ് മലയാളികൾ. പാരസെറ്റമോളും ആവി പിടിക്കലും, ആന്റിബയോട്ടിക്കുകളും കൊണ്ട് അസുഖത്തെ ഭേദമാക്കാൻ പരിശ്രമിക്കുന്നത് പതിവാണ്. പനിയെ ശമിപ്പിക്കാൻ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും കുതിച്ചുയരുകയാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി മെഡിക്കൽ സ്റ്റോറുകളിൽ വലിയ വർധനയാണ് ആന്റിബയോട്ടിക്കുകളുടെ വിൽപനയിലുണ്ടായത്. എന്നാൽ ഇവയുടെ അമിത ഉപയോഗം, മരുന്നുകൾക്ക് മേൽ രോഗാണുക്കൾക്ക് അതിജീവനശേഷി നേടാൻ സഹായിക്കും എന്ന ആരോഗ്യ പ്രതിസന്ധി കൂടി ഉണ്ടാകുകയാണ്. ഇക്കാര്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽക്കഴിഞ്ഞു.
പനിക്കുള്ള മരുന്ന് ആന്റിബയോട്ടിക് അല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. സ്വയം ആന്റിബയോട്ടിക് വാങ്ങുന്നത് അതിനേക്കാൾ അപകടകരവുമാണ്. ശരീരത്തിന് ഗുരുതരമാകാൻ സാധ്യതയുള്ള രോഗാണുക്കളെ പ്രതിരോധിക്കുന്ന ജീവൻരക്ഷാമരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക്കുകളെ പൂർണമായും മാറ്റി നിർത്താൻ കഴിയില്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ആന്റിബയോട്ടിക്കുകൾ കഴിക്കാവൂ.
ആന്റിബയോട്ടിക് ഈ അസുഖങ്ങൾക്ക് ആവശ്യമില്ല
* ജലദോഷം, പനി, വൈറൽ പനി എന്നിവയ്ക്ക് ആന്റിബയോട്ടിക്കിന്റെ ആവശ്യമില്ല
* ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ആന്റിബയോട്ടിക് ഉപയോഗം കഴിവതും ഒഴിവാക്കാം
* ഡെങ്കിപ്പനി, ചിക്കൻപോക്സ് എന്നിങ്ങനെയുള്ള വൈറൽ രോഗബാധക്കും ആന്റിബയോട്ടിക്കുകൾ വേണ്ട
* സൈനസ് ഇൻഫെക്ഷൻ, ചെവിയിലുണ്ടാകുന്ന ഇൻഫെക്ഷൻ എന്നിങ്ങനെ ചില സാധാരണ ബാക്ടീരിയ അണുബാധകൾക്ക് ആൻറിബയോട്ടിക്കുകൾ ആവശ്യമില്ല. ആന്റിബയോട്ടിക്കുകൾ ഇല്ലാതെ തന്നെ ഈ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. ശരീരത്തിന് ആവശ്യമില്ലങ്കിൽ എത്രകഴിച്ചാലും ആൻറിബയോട്ടിക്കുകൾ പ്രവർത്തിക്കില്ല, മാത്രമല്ല അവയുടെ പാർശ്വഫലങ്ങൾ ദോഷകരവുമാണ്.
തൊണ്ടവേദന, വില്ലൻ ചുമ, യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ (യുടിഐ) എന്നിവയ്ക്കാണ് പ്രധാനമായും ആന്റിബയോട്ടിക് ഉപയോഗിക്കുക. സെപ്സിസ് പോലുള്ള മാരക ബാക്ടീരിയ മൂലമുണ്ടാകുന്ന, ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥകളിൽ നിന്ന കരകയറാൻ ആൻറിബയോട്ടിക്കുകൾ ആവശ്യമാണ്.
ശരീരത്തില് ആൻറിബയോട്ടിക്കുകള് ഫലപ്രദമായി പ്രവർത്തിക്കാത്ത രോഗങ്ങള്
* കഫം കെട്ട്, ജലദോഷം മൂക്കൊലിപ്പ്
* മിക്ക തൊണ്ടവേദനകളും
* പനി
* ബ്രോങ്കൈറ്റിസ്
പാർശ്വഫലങ്ങൾ
ചുണങ്ങ് (ചൊറിഞ്ഞു പൊട്ടൽ), ഓക്കാനം, അതിസാരം, യീസ്റ്റ് ഇൻഫെക്ഷൻ, അലർജി, ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാനുള്ള അണുബാധകൾ എണ്ണത്തിലെ വർദ്ധന.
ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകള് വില്ക്കുന്ന ഫാര്മസികളുടെ ലൈസന്സ് റദ്ദാക്കുമെന്നതടക്കം കർശന മുന്നറിയിപ്പുണ്ട്. എന്നാൽ ഇത് എത്രയിടങ്ങളിൽ പാലിക്കപ്പെടുന്നു എന്നത് സംശയമാണ്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും ‘ആന്റിബയോട്ടിക് സ്മാര്ട്ട്’ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കാന് ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും അതും പാതിവഴിയിലാണ്.