യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം; സ്കൂളുകളിൽ തിരികെയെത്തി 12 ലക്ഷത്തിലധികം വിദ്യാർത്ഥികൾ

കുട്ടികളെ സ്വീകരിക്കുന്നതിനായി വർണ്ണാഭമായ രീതിയിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് പ്രൈവറ്റ്, പബ്ലിക് സ്കൂളുകൾ ഏർപ്പെടുത്തിയിരുന്നത്.

യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം; സ്കൂളുകളിൽ തിരികെയെത്തി 12 ലക്ഷത്തിലധികം വിദ്യാർത്ഥികൾ
dot image

വേനലവധിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം സന്തോഷത്തോടെയും ആവേശത്തോടെയും യുഎഇയിലെ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തി. രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിലായി 1.2 ദശലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ലാസ് മുറികളിലേക്ക് തിരികെ എത്തിയത്. കുട്ടികളെ സ്വീകരിക്കുന്നതിനായി വർണ്ണാഭമായ രീതിയിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് പ്രൈവറ്റ്, പബ്ലിക് സ്കൂളുകൾ ഏർപ്പെടുത്തിയിരുന്നത്.

സ്കൂളുകൾ തുറന്ന ആദ്യ ദിനമായിരുന്നിട്ടും ദുബായ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഗതാഗതം താരതമ്യേന സുഗമമായിരുന്നു. സ്കൂൾ സമയങ്ങളിലെ വ്യത്യാസവും പൊതുമേഖലാ ജീവനക്കാർക്ക് കുട്ടികളെ സ്കൂളിൽ വിടാനായി അനുവദിച്ച ഫ്ലെക്സിബിൾ ജോലി സമയവുമാണ് റോഡുകളിലെ തിരക്ക് കുറയാൻ സഹായിച്ചത്. ജീവനക്കാർക്ക് ഓഫീസ് സമയത്തിൽ മൂന്ന് മണിക്കൂർ വരെ ഇളവ് അനുവദിച്ചിരുന്നു. ഇതുകൂടാതെ ഗതാഗത നിയന്ത്രണങ്ങൾക്കായി ദുബായ് പൊലീസ് 28 ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു.

റോഡ് വികസനത്തിന്റെ ഭാഗമായി പുതിയ പാതകൾ തുറന്നത് എമിറേറ്റ്സ് റോഡ് വഴിയുള്ള യാത്ര എളുപ്പമാക്കിയതായി യാത്രികർ അഭിപ്രായപ്പെട്ടു. എന്നാൽ ഷാർജയിലെ ചില റോഡ് പണികൾ നടക്കുന്ന മേഖലകളിൽ ചെറിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക 'അപകടരഹിത ദിനം' (Accident-Free Day) സംരംഭത്തിന്റെ ഭാഗമായി ബോധവത്ക്കരണവും കർശന സുരക്ഷാ പരിശോധനകളും ആദ്യ ദിനത്തിൽ റോഡുകളിൽ സജീവമായിരുന്നു.

പഠനരീതിയിലും വിപ്ലവകരമായ മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചിരിക്കുന്നത്. കെജി (KG) മുതൽ ഗ്രേഡ് 2 വരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ വീടുകളിൽ നിന്നുള്ള ഹോംവർക്കുകൾ ഉണ്ടായിരിക്കില്ല. പകരം ദിവസേനയുള്ള വായനാശീലത്തിന് കൂടുതൽ പ്രാധാന്യം നൽകും. കൂടാതെ, ഗ്രേഡ് 6 വിദ്യാർത്ഥികൾക്ക് അറബിക്, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഡിജിറ്റൽ സ്ക്രീനുകൾക്ക് പകരം പരമ്പരാഗത രീതിയിലുള്ള പുസ്തകങ്ങളും പേനയും പേപ്പറും ഉപയോഗിച്ചുള്ള പഠനരീതി നടപ്പിലാക്കി. നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത വിദ്യാഭ്യാസത്തിനും പുതിയ അധ്യയന വർഷത്തിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.

Content Highlights: The new academic year has begun in the UAE, with more than 1.2 million students returning to schools across the country. Schools have reopened after the summer break, marking the start of a new academic session for students and teachers.

dot image
To advertise here,contact us
dot image