

യുഎഇയുടെ അതിർത്തി ലംഘിച്ച് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണ നീക്കത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ശക്തമായി അപലപിച്ചു. യുഎഇയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഈ സംഭവമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെയും അന്തേവാസികളുടെയും സുരക്ഷയ്ക്ക് നേർക്കുള്ള നേരിട്ടുള്ള ഭീഷണിയായാണ് ജിസിസി ഇതിനെ കാണുന്നത്.
യുഎഇയുടെ സുരക്ഷയെയും പരമാധികാരത്തെയും പ്രദേശിക അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന ഏത് ഭീഷണിക്കെതിരെയും ജിസിസി അംഗരാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് അൽബുദൈവി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുഎഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, മേഖലയിൽ സമാധാനം പുലരാൻ എല്ലാവിധ സഹകരണവും ഉറപ്പുനൽകി.
ഇത്തരത്തിലുള്ള ശത്രുതാപരമായ നീക്കങ്ങളും ആക്രമണങ്ങളും ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന് ജിസിസി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷയെയും സമാധാന അന്തരീക്ഷത്തെയും തകർത്തേക്കാവുന്ന ഇത്തരം നടപടികളുടെ പൂർണ്ണ ഉത്തരവാദിത്തം ഇറാൻ തന്നെ ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യൻ മേഖലയിൽ ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും യുദ്ധസമാനമായ സാഹചര്യങ്ങൾ ഉടലെടുക്കുകയാണ്. ഇറാന്റെ അധീനതയിലുള്ള ലാറക് ദ്വീപിലെ രണ്ട് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമസേന ശക്തമായ ആക്രമണം നടത്തി. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാത ലക്ഷ്യമാക്കി സീ മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ ഇറാൻ തയാറെടുക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു യുഎസിന്റെ ഈ നീക്കം. ആക്രമണത്തിൽ ഇറാന്റെ സൈനികർ കൊല്ലപ്പെട്ടതായും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ മേഖലയിൽ ഇറാന്റെ തിരിച്ചടികളുടെ പരമ്പര തന്നെയാണ് ഉണ്ടായത്. ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തി.
ഇറാനെതിരായ അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായിയിരുന്നു യുഎഇയിലെ ഇറാന്റെ ഡ്രോൺ ആക്രമണം. എന്നാൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണ നീക്കം യുഎഇ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. രാജ്യത്തിന്റെ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച ഇറാനിയൻ ഡ്രോണുകളെ വ്യോമസേന കടലിൽ വെച്ചുതന്നെ വെടിവച്ചിടുകയായിരുന്നു. നിലവിൽ രാജ്യത്തെ വ്യോമാതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഏതൊരു സുരക്ഷാ ഭീഷണിയെയും ചെറുക്കാൻ സേന പൂർണ്ണ സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദുബായ് അൽമിൻഹാദിലെ പ്രധാന വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദങ്ങൾ യുഎഇ തള്ളി. താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊതുജനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: The GCC Secretary General has strongly protested Iran’s drone attack targeting the UAE. The incident has triggered concern among Gulf countries, with the GCC expressing opposition to actions that could further escalate tensions and threaten regional security.