ദുബായിൽ വാഹനയാത്രികർക്ക് ആശ്വാസം; അൽ ഖുദ്രയിൽ പുതിയ പാലം തുറന്ന് ആർടിഎ

ദുബായിലെ അതിവേഗം വളരുന്ന നഗരപ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാലം യാഥാർത്ഥ്യമാക്കിയത്

ദുബായിൽ വാഹനയാത്രികർക്ക് ആശ്വാസം; അൽ ഖുദ്രയിൽ പുതിയ പാലം തുറന്ന് ആർടിഎ
dot image

ദുബായിലെ വാഹനയാത്രക്കാർക്ക് ആശ്വാസമേകി അൽ ഖുദ്ര മേഖലയിൽ പുതിയ പാലം തുറന്നു നൽകി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ ഖുദ്ര ഇന്റർസെക്ഷനിൽ നിർമ്മിച്ച 700 മീറ്റർ ദൈർഘ്യമുള്ള ഈ പുതിയ പാലം പ്രവർത്തനക്ഷമമായതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമായി. മുമ്പ് ഏഴ് മിനിറ്റോളം എടുത്തിരുന്ന യാത്രയുടെ ദൈർഘ്യം ഇതോടെ വെറും ഒരു മിനിറ്റായി ചുരുങ്ങി.

ദുബായിലെ അതിവേഗം വളരുന്ന നഗരപ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാലം യാഥാർത്ഥ്യമാക്കിയത്. പദ്ധതി പൂർത്തിയായതോടെ ഇന്റർസെക്ഷനിലെ വാഹന ശേഷി മണിക്കൂറിൽ 7,800-ൽ നിന്ന് 19,400 ആയി ഉയർന്നു. ഇന്റർസെക്ഷന്റെ തെക്കുഭാഗത്തുള്ള ഈ പാലം അൽ ഖുദ്ര റോഡിലൂടെ അൽ ഖുദ്ര സിറ്റിയിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്ന് ആർടിഎ വ്യക്തമാക്കുന്നു.

നഗരത്തിലെ പ്രധാന റോഡ് ശൃംഖലകളുടെ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ വർഷം തന്നെ കൂടുതൽ ഗതാഗത വികസന ജോലികൾ ആർടിഎ പൂർത്തിയാക്കും. പ്രധാന റോഡുകളിലെ ഗതാഗത തടസ്സമില്ലാതെ എല്ലാ ദിശകളിലേക്കും സുഗമമായി വാഹനങ്ങൾക്ക് പോകാൻ സഹായിക്കുന്ന രണ്ട് സൈഡ് റാമ്പ് പാലങ്ങളാണ് ഇതിൽ പ്രധാനം. അൽ ഖുദ്ര റോഡിൽ നിന്ന് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലേക്കും ജബൽ അലിയിലേക്കുമുള്ള യാത്രയും ഇതോടെ കൂടുതൽ എളുപ്പമാകും.

ഇതിനുപുറമേ, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന്റെ ഇരുവശത്തുമായി മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള സർവീസ് റോഡുകളും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. നഗരത്തിലെ ജനസംഖ്യാ വർദ്ധനവിനും വികസനത്തിനും അനുസൃതമായി റോഡ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് അൽ ഖുദ്ര റോഡ് പദ്ധതിയെന്ന് ആർടിഎ അറിയിച്ചു.

Content Highlights: Dubai's Roads and Transport Authority has opened a new bridge in Al Qudra, providing relief to motorists and improving traffic flow and connectivity in the area.

dot image
To advertise here,contact us
dot image