ദുബായിൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇടിവ്; പ്രവാസികൾക്ക് ആശ്വാസമായി വാടക കുറയുന്നതായി റിപ്പോർട്ട്

വരും മാസങ്ങളിലും പുതിയ വീടുകൾ നിർമ്മാണം പൂർത്തിയാക്കി വിപണിയിലെത്തുന്നതോടെ വിലയിൽ ഇനിയും കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ കരുതുന്നത്

ദുബായിൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇടിവ്; പ്രവാസികൾക്ക് ആശ്വാസമായി വാടക കുറയുന്നതായി റിപ്പോർട്ട്
dot image

ദുബായിൽ റിയൽ എസ്റ്റേറ്റ് വിപണിയിലുണ്ടായ ഇടിവ് താമസമേഖലകളിൽ സ്ഥലങ്ങളുടെ വിലയിലും കെട്ടിട വാടകകളിലും പ്രതിഫലിക്കുന്നതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ തുടർച്ചയായ വർഷങ്ങളിൽ വളർച്ചയാണ് രേഖപ്പെടുത്തിയത്. എന്നാൽ 2026-ന്റെ രണ്ടാം പാദത്തിൽ ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പൊതുവെ ഇടിവാണ് ഉണ്ടായത്. ഇത് ദുബായിലെ വീടുകളുടെ വിലയിലും വാടകനിരക്കിലും കാര്യമായ കുറവ് വരുത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ കുഷ്മാൻ & വേക്ക്ഫീൽഡ് കോറിന്റെ (Cushman & Wakefield Core) കണക്കുകൾ പ്രകാരം, നഗരത്തിലെ താമസമേഖലയിൽ സ്ഥലം വിൽപ്പന 2026ലെ ആദ്യ മൂന്ന് മാസത്തെക്കാൾ നാല് ശതമാനവും ശരാശരി വാടകയിൽ ആറ് ശതമാനവും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി ഉയർന്നുവന്ന വിലയിലാണ് ഇപ്പോൾ തിരുത്തലുകൾ ഉണ്ടായിരിക്കുന്നത്. വരും മാസങ്ങളിലും പുതിയ വീടുകൾ നിർമ്മാണം പൂർത്തിയാക്കി വിപണിയിലെത്തുന്നതോടെ വിലയിൽ ഇനിയും കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.

അപ്പാർട്ട്മെന്റുകളുടെ വിലയിലാണ് ഏറ്റവും വലിയ ഇടിവുണ്ടായിരിക്കുന്നത്. പാം ജുമൈറയിൽ ഒമ്പത് ശതമാനം, ഡൗൺടൗൺ ദുബായിൽ എഴ് ശതമാനം, ബിസിനസ് ബേയിൽ ഏഴ് ശതമാനം എന്നിങ്ങനെയാണ് വില കുറഞ്ഞത്. അതേസമയം, ദുബായ് ഹിൽസ് എസ്റ്റേറ്റിൽ നാല് ശതമാനം ജുമൈറ വില്ലേജ് സർക്കിളിൽ മൂന്ന് ശതമാനം എന്നിങ്ങനെ ചെറിയ തോതിൽ മാത്രമാണ് വില കുറഞ്ഞത്. വില്ലകളുടെ കാര്യത്തിൽ സമ്മിശ്ര പ്രതികരണമാണ് പ്രകടമായത്. സ്പ്രിംഗ്സ്, മെഡോസ് എന്നിവിടങ്ങളിൽ വില ഒമ്പത് ശതമാനവും ദുബായ് ഹിൽസ് എസ്റ്റേറ്റിൽ അഞ്ച് ശതമാനവും കുറഞ്ഞു.

ദുബായിലെ ഉയർന്ന ചെലവുകൾ കാരണം കുറഞ്ഞ വാടകയുള്ള വീടുകളിലേക്ക് ആളുകൾ മാറാൻ തുടങ്ങിയതോടെ വാടക നിരക്കുകളിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഡൗൺടൗൺ ദുബായിൽ അപ്പാർട്ട്മെന്റ് വാടക 14 ശതമാനവും ദുബായ് ഹിൽസ് എസ്റ്റേറ്റ്, ദുബായ് മരീന എന്നിവിടങ്ങളിൽ 10 ശതമാനവും പാം ജുമൈറയിൽ ഒമ്പത് ശതമാനവും വാടക കുറഞ്ഞു. വില്ലകളുടെ കൂട്ടത്തിൽ ദുബായ് ഹിൽസ് എസ്റ്റേറ്റിലാണ് വാടകയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 12 ശതമാനം വാടകയാണ് ഇവിടെ കുറഞ്ഞത്.

വില കുറയുന്നതിനിടയിലും പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കൽ വേഗത്തിൽ നടക്കുന്നുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിൽ മാത്രം 13,200-ലധികം പുതിയ വീടുകളാണ് ദുബായ് നിവാസികൾ വാങ്ങിയത്. നിർമ്മാണ മേഖലയിലെ കരാറുകാരുടെ കുറവും സാമഗ്രികളുടെ ലഭ്യതക്കുറവും ചില പ്രൊജക്റ്റുകളെ ബാധിച്ചേക്കാമെങ്കിലും പുതിയ വീടുകളുടെ കൈമാറ്റം തടസ്സമില്ലാതെ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Content Highlights: Dubai's real estate market is reportedly experiencing a decline, while rental prices are falling. The trend could provide relief to expatriates and other tenants facing high housing costs in the city.

dot image
To advertise here,contact us
dot image