

ഇന്ന് കളിപ്പാട്ടങ്ങൾ വിൽക്കുന്ന കുഞ്ഞുകൈകൾ നാളെയൊരു വിജയകരമായ സംരംഭത്തിന്റെ നേതൃത്വം ഏറ്റെടുക്കുമോ? ആ സ്വപ്നത്തിന് ചിറകു നൽകുകയാണ് ജി ഡി ആർ എഫ് എ (General Directorate of Residency and Foreigners Affairs) ദുബായ്. കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ സംരംഭകത്വ ചിന്തയും ബിസിനസ് നൈപുണ്യവും ആത്മവിശ്വാസവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘യങ് മെർച്ചന്റ് 2026’ (Young Merchant 2026) എന്ന പേരിൽ കുട്ടികൾ കച്ചവടക്കാരായുള്ള പ്രത്യേക വ്യാപാര മേള -സംഘടിപ്പിച്ചിരിക്കുന്നത്.
ജി ഡി ആർ എഫ് എ ദുബായുടെ ഹെഡ് ഓഫീസിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് കുട്ടികൾക്ക് സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും അവസരം ലഭിച്ചത്. ഒരു ചെറിയ വിപണിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സജ്ജമാക്കിയ സ്റ്റാളുകളിൽ കുട്ടികൾ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയും ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയും വിലപേശുകയും വിൽപ്പന പൂർത്തിയാക്കുകയും ചെയ്തു. ഇതിലൂടെ പാഠപുസ്തകങ്ങൾക്കപ്പുറമുള്ള യഥാർഥ ജീവിതാനുഭവമാണ് അവർക്ക് ലഭിച്ചത്. ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രദർശനത്തിനെത്തി.
വിൽപ്പന എന്നത് ലാഭം നേടാനുള്ള മാർഗം മാത്രമല്ല, ആശയവിനിമയം, ഉത്തരവാദിത്തം, പ്രശ്നപരിഹാരശേഷി, ആത്മവിശ്വാസം, നേതൃത്വപാടവം എന്നിവ വളർത്തിയെടുക്കുന്ന ജീവിതപാഠം കൂടിയാണെന്ന സന്ദേശമാണ് പദ്ധതിയിലൂടെ നൽകുന്നതെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു.കുട്ടികളുടെ സർഗാത്മക ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയും സ്വന്തം കഴിവുകളിൽ വിശ്വാസം വളർത്തുകയും ചെയ്യുന്ന അന്തരീക്ഷമാണ് പരിപാടിയിൽ ഒരുക്കിയിരുന്നത്. ജി ഡി ആർ എഫ് എയുടെ പ്രിയ കാർട്ടൂൺ കഥാപാത്രങ്ങളായ സലാമ് , സലാമ എന്നിവരുടെ സാന്നിധ്യവും കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരങ്ങളും പരിപാടിക്ക് കൂടുതൽ നിറം പകർന്നു.
കുട്ടികൾക്ക് പരസ്പരം ആശയങ്ങൾ പങ്കുവെക്കാനും ഉപഭോക്താക്കളുമായി ഇടപഴകാനും സൗഹൃദപരമായ മത്സരത്തിലൂടെ ബിസിനസിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാനും അവസരം ലഭിച്ചു. വിജയത്തിന്റെ ആദ്യപടി ആത്മവിശ്വാസമാണെന്നും സംരംഭകത്വത്തിന്റെ വിത്ത് ചെറുപ്പത്തിൽ തന്നെ പാകണമെന്നും ഈ സംരംഭം ഓർമിപ്പിക്കുന്നു. യുവതലമുറയുടെ കഴിവുകളെ കണ്ടെത്തുകയും അവരെ ഭാവിയിലെ നവോത്ഥാന സംരംഭകരായി വളർത്തുകയും ചെയ്യുകയെന്ന ദുബായ് സർക്കാരിന്റെ ദീർഘദർശനത്തിന്റെ ഭാഗമായാണ് ‘യങ് മെർച്ചന്റ് 2026’ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇന്നത്തെ ഈ കുഞ്ഞുസംരംഭകർ നാളെയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന വ്യവസായികളും തൊഴിൽദാതാക്കളുമായി മാറുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നിലുള്ളത്.
Content Highlight: Young Merchant 2026 is a Dubai-based initiative aimed at introducing children to entrepreneurship