

ദുബായ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി സ്ഥാപിച്ച 'റെഡ് കാര്‍പറ്റ്' സേവനം ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ചത് എട്ട് ലക്ഷത്തിലധികം യാത്രക്കാര്‍. ലോകത്തിലെ ഏറ്റവും വേഗമേറിയ സ്മാര്‍ട്ട് യാത്രാ സംവിധാനങ്ങളിലൊന്നായാണ് റെഡ് കാര്‍പറ്റ് പദ്ധതി വിലയിരുത്തപ്പെടുന്നത്.
യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാതെ തന്നെ സെക്കന്‍ഡുകള്‍ക്കകം അറൈവല്‍ - ഡിപാര്‍ച്ചര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ് ദുബായ് വിമാനത്താവളത്തിലെ റെഡ് കാര്‍പ്പറ്റ് സംവിധാനം. പൂര്‍ണമായും എഐ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് സ്മാര്‍ട്ട് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം എട്ട് ലക്ഷത്തിലധികം ആളുകളാണ് ഈ സേവനം ഉപയോഗിച്ചത്.
യാത്രക്കാരില്‍ 83 ശതമാനം പേരും റെഡ് കാര്‍പ്പറ്റ് സേവനം ഉപയോഗിച്ചത് ഡിജിറ്റല്‍ യാത്രാ സംവിധാനത്തിലേക്കുള്ള വിശ്വാസം വര്‍ധിച്ചുവരുന്നതിന്റെ തെളിവായാണ് ജിഡിആര്‍എഫ്എ വിലയിരുത്തുന്നത്. യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ 12.5 സെക്കന്‍ഡ് എടുത്തിരുന്നെങ്കില്‍, 'റെഡ് കാര്‍പറ്റ്' സംവിധാനം നിലവില്‍ നിലവില്‍ വന്നതോടെ അത് വെറും 3.4 സെക്കന്‍ഡായി ചുരുങ്ങി. 60 ശതമാനത്തിലേറെ സമയ ലാഭമാണ് ഇതിലൂടെ കൈവരിച്ചത്.
ഒരേസമയം ഒരാള്‍ എന്ന രീതിയില്‍ നിന്ന്, 10 യാത്രക്കാരെ ഒരുമിച്ച് കടത്തിവിടാന്‍ കഴിയുന്ന രീതിയിലേക്കും പദ്ധതി വികസിച്ചു. മുന്‍പ് ആവശ്യമായിരുന്ന രണ്ട് യാത്രാരേഖകളുടെ ആവശ്യകത പൂര്‍ണമായും ഒഴിവാക്കുകയും എല്ലാ കോണ്‍ടാക്റ്റ് പോയിന്റുകളും ഇല്ലാതാക്കുകയും ചെയ്തതിലൂടെ പ്രവര്‍ത്തന മികവിലും ഡിജിറ്റല്‍ ഏകീകരണത്തിലും വലിയ മുന്നേറ്റമാണ് കൈവരിച്ചത്. 'റെഡ് കാര്‍പറ്റ്' ഒരു സാങ്കേതിക നവീകരണം മാത്രമല്ലെന്നും ദുബായുടെ ആഗോള കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന സമഗ്ര യാത്രാനുഭവമാണെന്നും ജിഡിആര്‍എഫ്എ ദുബായ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.
Content Highlights: Dubai Airport’s Red Carpet service is witnessing significant growth, with increasing numbers of passengers using the premium facility. The initiative aims to streamline passenger experience and provide faster, more comfortable airport services.