വ്യവസായങ്ങളെ പിന്തുണയ്ക്കുക ലക്ഷ്യം; 100 കോടി ദിര്‍ഹത്തിന്റെ ദേശീയ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്

വ്യവസായങ്ങളെ പിന്തുണയ്ക്കുക ലക്ഷ്യം; 100 കോടി ദിര്‍ഹത്തിന്റെ ദേശീയ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ
dot image

രാജ്യത്തെ വ്യവസായങ്ങളെ പിന്തുണയ്ക്കാന്‍ 100 കോടി ദിര്‍ഹത്തിന്റെ ദേശീയ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. സുപ്രധാന വ്യവസായങ്ങളെ പിന്തുണയ്ക്കുക, ആധുനികവല്‍ക്കരിക്കുക എന്നിവയാണ് ലക്ഷ്യം. 5,000ലധികം ഉത്പ്പന്നങ്ങള്‍ പൂര്‍ണ്ണമായും യുഎഇയില്‍ തന്നെ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഇന്‍-കണ്‍ട്രി വാല്യൂ പ്രോഗ്രാമും നടപ്പിലാക്കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഭക്ഷ്യസുരക്ഷ, അവശ്യ ഉത്പ്പന്നങ്ങളുടെ നിര്‍മാണം തുടങ്ങിയ മേഖലകള്‍ക്കാണ് 100 കോടി ദിര്‍ഹത്തിന്റെ ദേശീയ ഫണ്ട് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. വ്യാവസായിക മേഖലയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക എന്നിവക്ക് പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സ് സാങ്കേതി വിദ്യകള്‍ ഉത്പ്പാദന രംഗത്ത് നടപ്പിലാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

ആഗോളതലത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ പ്രാദേശിക വ്യവസായങ്ങളെ പ്രാപ്തമാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്. കുപ്പിവെള്ളം, പാലുത്പ്പന്നങ്ങള്‍, മാംസം, ധാന്യങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുമുള്ള യുഎഇ നിര്‍മിത ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ഏകദേശം 5,000-ത്തിലധികം ഉത്പ്പന്നങ്ങള്‍ പൂര്‍ണ്ണമായും യുഎഇയില്‍ തന്നെ നിര്‍മിക്കുകയെനന്ന ലക്ഷ്യത്തോടെ നാഷണല്‍ ഇന്‍-കണ്‍ട്രി വാല്യൂ പ്രോഗ്രാം നടപ്പാക്കും.

വ്യാവസായിക മേഖലയിലെ വിവരശേഖരണവും വിശകലനവും കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കി. വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്ക് സാങ്കേതികവിദ്യയും നവീകരണവും എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതിനായി 'ഹൗസ് ഓഫ് ഇന്‍ഡസ്ട്രി' എന്ന പേരില്‍ ദേശീയ മ്യൂസിയം ആരംഭിക്കാനും തീരുമാനമായി. അബുദബിയില്‍ നടക്കാനിരിക്കുന്ന ആഗോള വ്യവസായ സംഗമത്തിന്റെ അഞ്ചാം പതിപ്പിനുള്ള ഒരുക്കങ്ങളും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിലയിരുത്തി.

Content Highlights: UAE has announced a national fund worth 100 crore dirhams to support industries. The initiative aims to strengthen businesses, boost industrial growth, and enhance the country’s economic development.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us