അപരിചിതമായ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യരുത്; സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന് ദുബായ് പൊലീസ്

പൊതു സ്ഥലങ്ങളിലും സമൂഹമാധ്യമങ്ങളിലും കാണുന്ന അപരിചിതമായ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് വഴി വലിയ തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു

അപരിചിതമായ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യരുത്; സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന് ദുബായ് പൊലീസ്
dot image

പൊതു സ്ഥലങ്ങളിലും സമൂഹമാധ്യമങ്ങളിലും കാണുന്ന അപരിചിതമായ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരം നടപടി വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകള്‍ക്കായി ഔദ്യോഗികവും വിശ്വസനീയുമായ ക്യുആര്‍ കോര്‍ഡുകള്‍ ഉപയോഗിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സൈബല്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങളും ബാങ്ക് വിശദാംശങ്ങളും കൈക്കലാക്കാന്‍ തട്ടിപ്പുകാര്‍ പുതിയ രീതികള്‍ ഉപയോഗിക്കുകയാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു.

പൊതു സ്ഥലങ്ങളിലും സമൂഹമാധ്യമങ്ങളിലും കാണുന്ന അപരിചിതമായ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് വഴി വലിയ തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ക്യുആര്‍ കോഡുകള്‍ വഴി വ്യാജ വെബ്സൈറ്റുകളിലേക്ക് ഉപയോക്താക്കളെ നയിച്ച് പാസ്വേഡുകളും ബാങ്ക് വിശദാംശങ്ങളും ചോര്‍ത്തുന്നതാണ് പ്രധാന തന്ത്രം. ചില സാഹചര്യങ്ങളില്‍, കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ തന്നെ അപകടകാരിയായ സോഫ്റ്റ്വെയറുകള്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ആവാനും സാധ്യതയുണ്ട്.

പാര്‍ക്കിങ് മേഖലകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പതിപ്പിച്ചിരിക്കുന്ന യഥാര്‍ത്ഥ ക്യുആര്‍ കോഡുകള്‍ക്ക് മുകളില്‍ തട്ടിപ്പുകാര്‍ വ്യാജ കോഡുകള്‍ ഒട്ടിക്കുന്ന സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം കോഡുകള്‍ സ്‌കാന്‍ ചെയ്ത് പണമടച്ചാല്‍ തുക നേരിട്ട് തട്ടിപ്പുകാര്‍ക്ക് ലഭിക്കാന്‍ കാരണമാകും.

വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള ക്യുആര്‍ കോഡുകള്‍ മാത്രം സ്‌കാന്‍ ചെയ്ത് ഇടപാടുകള്‍ നടത്തണമെന്നും ദുബായ് പൊലീസ് നിര്‍ദ്ദേശിച്ചു. സ്‌കാന്‍ ചെയ്തതിന് ശേഷം തുറക്കുന്ന ലിങ്ക് ഔദ്യോഗികമാണെന്ന് ഉറപ്പുവരുത്തണം. സുരക്ഷക്കായി ഫോണില്‍ അപ്ഡേറ്റഡ് സെക്യൂരിറ്റി സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുകയും ബാങ്കിംഗ് ഇടപാടുകള്‍ക്ക് ഔദ്യോഗിക ആപ്പുകളെ മാത്രം ആശ്രയിക്കുകയും വേണം. സംശയകരമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇ-ക്രൈം പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളിലൂടെ വിവരങ്ങള്‍ കൈമാറാനാകും.

Content Highlights: Dubai Police warned the public against scanning unfamiliar QR codes, stating that it could lead to financial fraud and serious monetary loss

dot image
To advertise here,contact us
dot image