

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). 2025ലെ സ്വര്‍ണംപൂശലിലാണ് നടപടി. ബോര്‍ഡ് അംഗം അജികുമാറിനെയും ചോദ്യം ചെയ്തു.
മൂന്നാം തവണയാണ് ഇരുവരെയും ചോദ്യം ചെയ്തത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയാണ് എസ്‌ഐടിയുടെ നീക്കം. എന്നാല്‍ ചോദ്യം ചെയ്ത വിവരം പി എസ് പ്രശാന്ത് നിഷേധിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പി എസ് പ്രശാന്തിന്റെ പ്രതികരണം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് വീണ്ടും ചോദ്യം ചെയ്തത്.
അതേസമയം സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കുമെന്നാണ് എസ്‌ഐടി ഹൈക്കോടതിയില്‍ അറിയിച്ചത്. ജംഷഡ്പൂര്‍ മെറ്റലര്‍ജിക്കല്‍ ലാബ് ഇക്കാര്യം അറിയിച്ചുവെന്ന് എസ്ഐടി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് ഹൈക്കോടതി മെയ് 18 വരെ സമയം നീട്ടിനല്‍കിയിട്ടുണ്ട്. കേസില്‍ എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.
Content Highlights: Sabarimala gold theft case SIT again questioned P S Prasanth