പശ്ചിമേഷ്യൻ സംഘർഷം; തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ കണ്ടെത്തിയെന്ന് യുഎഇ

വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന നിരവധി സമൂഹ മാധ്യമ അക്കൗണ്ടുകളും പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തിയിട്ടുണ്ട്

പശ്ചിമേഷ്യൻ സംഘർഷം; തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ കണ്ടെത്തിയെന്ന് യുഎഇ
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ യുഎഇയുമായി ബന്ധപ്പെട്ട് തെറ്റായി പ്രചരിക്കുന്ന ചില വ്യാജ വീഡിയോകള്‍ കണ്ടെത്തിയതായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ ഇറാന്‍ ആക്രമണം തുടുന്ന പശ്ചാത്തലത്തില്‍ തെറ്റായ വീഡിയോകളും ഫോട്ടാകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരെ യുഎഇ ഭരണകൂടം നേരത്തെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഇത്തരം പ്രചരണങ്ങള്‍ തുടരുന്നതായാണ് പബ്ലിക് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന നിരവധി സമൂഹ മാധ്യമ അക്കൗണ്ടുകളും പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് പലയിടത്തും നടന്ന ആക്രമണങ്ങള്‍ യുഎഇയിലേത് എന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എഐ വീഡിയോകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരം തെറ്റായ നടപടികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാനും രാജ്യത്തെ യഥാര്‍ത്ഥ സാഹചര്യത്തെക്കുറിച്ച് തെറ്റായ ധാരണയുണ്ടാക്കാനും കാരണമാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനങ്ങളെയും സുരക്ഷാ നടപടികളെയും തടസ്സപ്പെടുത്താനും ഇത്തരം നടപടികള്‍ കാരണമാകും. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ദൈനംദിന ജീവിതം സാധാരണ നിലയില്‍ മുന്നോട്ട് പോകുന്നുമുണ്ട്. സംഘര്‍ഷ മേഖലകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും അവ പ്രചരിക്കുന്നതും ഗുരുതരമായ കുറ്റമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തെറ്റായ പ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എല്ലാവരും തയ്യാറാകണം. ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. തെറ്റായ പ്രചരണം നടത്തുന്നവര്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Content Highlights: United Arab Emirates authorities say misleading videos related to the West Asia conflict are circulating on social media and urge the public not to spread misinformation.

dot image
To advertise here,contact us
dot image