അന്താരാഷ്ട്ര ബസ് ബെഞ്ച്മാർക്കിങ് ഗ്രൂപ്പിൽ അം​ഗമായി;​ ​ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് ദുബായ് ആർടിഎ

ആഗോള തലത്തിലെ വികസന മാതൃകകള്‍ ദുബായുടെ പൊതുഗതാഗത രംഗത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

അന്താരാഷ്ട്ര ബസ് ബെഞ്ച്മാർക്കിങ് ഗ്രൂപ്പിൽ അം​ഗമായി;​ ​ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് ദുബായ് ആർടിഎ
dot image

ദുബായുടെ ഗതാഗത രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് തയ്യാറെടുത്ത് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ആഗോളതലത്തില്‍ മുന്‍നിര ബസ് ഓപ്പറേറ്റര്‍മാരും ഗതാഗത അതോറിറ്റികളും ഒത്തുചേരുന്ന 'ഇന്റര്‍നാഷണല്‍ ബസ് ബെഞ്ച്മാര്‍ക്കിങ് ഗ്രൂപ്പി'ല്‍ ആര്‍ടിഎ ഔദ്യോഗികമായി അംഗമായി. ആഗോള തലത്തിലെ വികസന മാതൃകകള്‍ ദുബായുടെ പൊതുഗതാഗത രംഗത്ത് എത്തിക്കാന്‍ പുതിയ അംഗകത്വത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

ലോകോത്തര നിലവാരത്തിലുള്ള ഗതാഗത സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും പ്രവര്‍ത്തന മികവും സുതാര്യതയും വര്‍ധിപ്പിക്കുന്നതിനും മുന്‍നിര ബസ് ഓപ്പറേറ്റര്‍മാരും ഗതാഗത അതോറിറ്റികളും ഒത്തുചേരുന്ന ഇന്റര്‍നാഷനല്‍ ബസ് ബെഞ്ച് മാര്‍ക്കിങ് ഗ്രൂപ്പിലെ അംഗത്വം ഏറെ പ്രയോജനം ചെയ്യുമെന്നാണ് ആര്‍ടിഎ വിലയിരുത്തുന്നത്. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്, സുസ്ഥിര നഗര ഗതാഗത സംവിധാനമുള്ള നഗരമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് ആര്‍ടിഎ അഭിപ്രായപ്പെട്ടു.

മധ്യപൂര്‍വദേശത്ത് നിന്ന് ഈ ആഗോള സഖ്യത്തില്‍ ചേരുന്ന ആദ്യത്തെ പൊതുഗതാഗത അതോറിറ്റി കൂടിയായി ആര്‍ടിഎ മാറുകയാണ്. കൂട്ടായ്മയിലെ അംഗത്വത്തിലൂടെ ആഗോളതലത്തിലെ മികച്ച പ്രവര്‍ത്തന രീതികള്‍, സാങ്കേതിക വിദ്യകള്‍, ഡാറ്റാ അധിഷ്ഠിത വിശകലനങ്ങള്‍ എന്നിവ മനസിലാക്കുന്നതിനൊപ്പം അവ നടപ്പിലാക്കാനും ആര്‍ടിഎക്ക് കഴിയും. ബസ് ശൃംഖലയുടെ കാര്യക്ഷമത, പരിപാലനം, സമയനിഷ്ഠ, പാരിസ്ഥിതിക സുസ്ഥിരത എന്നിവയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ഇതിലൂടെ സാധിക്കും. ബസ് ഫ്ലീറ്റുകളില്‍ ശുദ്ധമായ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ഈ സഹകരണം വഴിയൊരുക്കുമെന്നും ആര്‍ടിഎ വിലയിരുത്തുന്നു.

ഭാവിയില്‍ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള, സുസ്ഥിരമായ ഗതാഗത സംവിധാനം കെട്ടിപ്പടുക്കുകയെന്ന ദുബായിയുടെ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി ആര്‍ടിഎ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിച്ച അംഗീകാരം കൂടിയായാണ് ബെഞ്ച്മാര്‍ക്കിങ് ഗ്രൂപ്പിലെ അംഗത്വത്തെ വിലയിരുത്തപ്പെടുന്നത്. പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതവും ആകര്‍ഷകവുമായ യാത്രാനുഭവം സമ്മാനിക്കാന്‍ കഴിയുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.

Content Highlights: Dubai’s Roads and Transport Authority (RTA) has joined an international bus benchmarking group, signaling a major push to improve the city’s public transport services. The move aims to adopt global best practices, enhance passenger experience, modernize bus fleets, and optimize overall transport efficiency, marking a significant transformation in Dubai’s urban mobility sector.

dot image
To advertise here,contact us
dot image