

പ്രവര്‍ത്തനങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിചയപ്പെടുത്താന്‍ കാര്‍ണിവലുമായി ദുബായ് പൊലീസ്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള കാര്‍ണിവല്‍ സിറ്റി വാക്കിലാണ് വൈകുന്നേരങ്ങളില്‍ കാര്‍ണിവല്‍ അരങ്ങേറുന്നത്. ദുബായ് പൊലീസ് ഒരുക്കിയ കാര്‍ണിവലിലെ വിവിധ പ്രദര്‍ശനങ്ങളും സംഗീത പരിപാടികളും കാണാനായി നിരവധി ആളുകളാണ് എത്തുന്നത്.
വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെയാണ് കാര്‍ണിവല്‍ അരങ്ങേറുന്നത്. എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള തത്സമയ വിനോദ പരിപാടികളാണ് പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ദിനത്തില്‍ ദുബായ് പൊലീസ് അക്കാദമിയിലെ ബാന്‍ഡിന്റെ സംഗീത പ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. പൊതുജനങ്ങള്‍ക്ക് പൊലീസ് സേവനങ്ങളെ സൗഹൃദപരവും ആകര്‍ഷകവുമായ രീതിയില്‍ അടുത്തറിയാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ദുബായ് പൊലീസിന്റെ സ്മാര്‍ട്ട് ആപ്പ്, ഗാര്‍ഹിക സുരക്ഷാ സേവനങ്ങള്‍, പൊലീസ് ഐ റിപ്പോര്‍ട്ടിങ് സേവനങ്ങള്‍, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് അന്വേഷണങ്ങള്‍, റോഡ് സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അമന്‍ റോഡ്സ് പ്ലാറ്റ്ഫോം എന്നിവയുള്‍പ്പെടെ വിവിധ പൊലീസ്, കമ്മ്യൂണിറ്റി സേവനങ്ങള്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാന്‍ അവസരമുണ്ട്.
പൊലീസ് മ്യൂസിയവും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍, സൈക്കിള്‍ പ്രകടനങ്ങള്‍, പൊലീസ് നായകളുടെ പ്രദര്‍ശനം, ആഡംബര ടൂറിസ്റ്റ് പട്രോള്‍ വാഹനങ്ങള്‍ എന്നിവയും കാര്‍ണിവലിന്റെ ഭാഗമാണ്. ക്ലാസിക് ലാന്‍ഡ് റോവര്‍, റമദാന്‍ പീരങ്കി എന്നിവയുള്‍പ്പെടെയുള്ള പൈതൃക പ്രദര്‍ശനങ്ങളും പരിപാടിയുടെ പ്രത്യേകതയാണ്.
Content Highlights: Dubai Police has organised a carnival with the objective of directly familiarising the public with its services and operational activities. The initiative focuses on community engagement, allowing people to better understand policing functions and public services through interactive displays and events.