

മുമ്പെങ്ങുമില്ലാത്ത വിധം അതിശയിപ്പിക്കുന്ന കാഴ്ചകളോടെ 2026-നെ വരവേൽക്കാൻ ദുബായ് ഒരുങ്ങുന്നു. ഡിസംബർ 31-ന് നഗരത്തിലുടനീളം 40 സ്ഥലങ്ങളിലായി 48 വ്യത്യസ്ത കരിമരുന്ന് പ്രകടനങ്ങൾ നടക്കുമെന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത. കഴിഞ്ഞ വർഷം ഇത് 36 പ്രകടനങ്ങളായിരുന്നു. ദുബായിലെ അംബരചുംബികളായ കെട്ടിടങ്ങൾ മുതൽ ജലാലശ തീരങ്ങളും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ വരെയുള്ളവ താമസക്കാർക്കും സന്ദർശകർക്കും വിസ്മയകരമായ കാഴ്ചകളാവും പുതുവർഷം സമ്മാനിക്കുക.
ബുർജ് ഖലീഫ മുതൽ പാം ജുമൈറ, ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, ബ്ലൂവാട്ടേഴ്സ്, ബുർജ് അൽ അറബ്, എക്സ്പോ സിറ്റി ദുബായ്, ഗ്ലോബൽ വില്ലേജ്, അറ്റ്ലാന്റിസ് ദി പാം, പാം ജബൽ അലി എന്നിവിടങ്ങളിൽ വരെ നഗരം പ്രകാശത്താലും വർണ്ണങ്ങളാലും ഉജ്ജ്വലമാകും. ആഘോഷങ്ങൾക്കിടയിൽ ജനക്കൂട്ടത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം എല്ലാവർക്കും ഈ വിസ്മയ കാഴ്ചകൾ നേരിട്ട് ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് വിവിധ സ്ഥലങ്ങളിലായി പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും പൊതുഗതാഗതം ഉപയോഗിക്കാനും ഉത്തരവാദിത്തത്തോടെ ആഘോഷങ്ങൾ ആസ്വദിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അതിനിടെ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ പുതുവത്സരാഘോഷത്തിനായി ദുബായ് നഗരം ഒരുങ്ങുകയാണ്. എന്നാൽ ഈ ദിവസങ്ങളിൽ നഗരത്തിലുണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഡൗൺടൗൺ ദുബായ്, ബുർജ് ഖലീഫ പരിസരം, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ അസാധാരണമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പൊതുഗതാഗത സമയം ദീർഘിപ്പിക്കുക, റോഡുകൾ ഘട്ടം ഘട്ടമായി അടച്ചിടുക, ട്രാഫിക് നിയന്ത്രണത്തിന് പ്രധാന്യം നൽകുക തുടങ്ങിയവാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പുതുവത്സരാഘോഷങ്ങളിലെ തിരക്ക് പരിഗണിച്ച് ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളും ദുബായ് ട്രാമും തുടർച്ചയായി 43 മണിക്കൂർ പ്രവർത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. 2025 ഡിസംബർ 31 ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന മെട്രോ സർവീസ് 2026 ജനുവരി ഒന്ന് വ്യാഴാഴ്ച രാത്രി 11.59 വരെ തുടർച്ചയായി പ്രവർത്തിക്കും. ദുബായ് ട്രാം ഡിസംബർ 31 രാവിലെ ആറ് മുതൽ ജനുവരി രണ്ട് വെള്ളിയാഴ്ച പുലർച്ചെ ഒരു മണി വരെയും സർവീസ് നടത്തും.
ഡൗൺടൗൺ ദുബായിലും മറ്റ് പ്രധാന ആഘോഷ സ്ഥലങ്ങളിലും റോഡുകളിലെ തിരക്ക് കുറയ്ക്കാനാണ് ഈ അധിക സർവീസുകൾ ലക്ഷ്യമിടുന്നത്. എമിറേറ്റ്സ് ടവേഴ്സ്, ഫിനാൻഷ്യൽ സെന്റർ, ബിസിനസ് ബേ, ബുർജ് ഖലീഫ/ദുബായ് മാൾ തുടങ്ങിയ തിരക്കേറിയ സ്റ്റേഷനുകളിൽ കൂടുതൽ സർവീസുകൾ ലഭ്യമായിരിക്കും.
Content Highlights: Dubai to celebrate New Year’s Eve 2026 with 48 fireworks