

യുഎഇയിലെ കിന്റർഗാർട്ടൻ, ഗ്രേഡ് 1 പ്രവേശനത്തിനുള്ള പുതിയ പ്രായപരിധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ, മാനവ വികസന, സാമൂഹിക വികസന കൗൺസിൽ. 2026–2027 അധ്യയന വർഷം മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരിക. ഇതോടെ ഓഗസ്റ്റ് 31ന് പകരം ഡിസംബർ 31ന് മുമ്പായി കുട്ടിക്ക് പ്രവേശം നേടുന്നതിനുള്ള പ്രായപരിധി തികഞ്ഞാൽ മതിയാകും.
പുതിയ നിയമപ്രകാരം, പ്രവേശന വർഷത്തിലെ ഡിസംബർ 31 ആണ് ഔദ്യോഗിക പ്രായപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. മുൻപ് ഇത് ഓഗസ്റ്റ് 31 ആയിരുന്നു. യുഎഇ ഇപ്പോൾ കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കിയുള്ള സ്കൂൾ പ്രവേശന രീതിയിലേക്കാണ് മാറിയിരിക്കുന്നത്. നേരത്തെ, ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ സ്കൂൾ തുടങ്ങുന്നതിന് മുൻപ്, അതായത് ഓഗസ്റ്റ് 31-നകം കുട്ടിക്ക് നിശ്ചിത പ്രായം തികഞ്ഞിരിക്കണം എന്നതായിരുന്നു നിയമം. എന്നാൽ പുതിയ നിയമപ്രകാരം, പ്രവേശന വർഷത്തിലെ ഡിസംബർ 31 വരെയുള്ള ഏത് സമയത്ത് പ്രായം തികയുന്ന കുട്ടികൾക്കും പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും. അതായത്, സ്കൂൾ തുടങ്ങുന്ന മാസത്തിന് പകരം പ്രവേശന വർഷമാണ് ഇനി മുതൽ പ്രവേശന യോഗ്യത നിശ്ചയിക്കുന്നത്.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ ഉൾപ്പെടെ പ്രവേശന വർഷത്തിലെ ഏത് സമയത്ത് മൂന്ന് വയസ് തികയുന്ന കുട്ടികൾക്കും ഇനി മുതൽ പ്രീ-കിന്റർഗാർട്ടനിൽ പ്രവേശനം നേടാം. പഴയ നിയമപ്രകാരം ഇത്തരത്തിൽ വർഷാവസാനം ജനിച്ച കുട്ടികളെ പ്രായം കുറഞ്ഞവരായി കണക്കാക്കുകയും അവർക്ക് ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരികയും ചെയ്യുമായിരുന്നു. എന്നാൽ പുതിയ നയം കുട്ടികൾക്ക് നേരത്തെ തന്നെ സ്കൂൾ പഠനം ആരംഭിക്കാൻ അവസരം നൽകുന്നു.
ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ അധ്യയനം ആരംഭിക്കുന്ന എല്ലാ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും പുതിയ നിയമം ബാധകമായിരിക്കും. എന്നാൽ ഏപ്രിലിൽ ക്ലാസുകൾ തുടങ്ങുന്ന സ്കൂളുകളിൽ പ്രായപരിധി മാർച്ച് 31 ആയി തുടരും. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ ഈ മാറ്റം ബാധിക്കില്ല. പുതിയ പ്രവേശനത്തിന് മാത്രമാണ് ഈ നയം ബാധകമാകുന്നത്. സമാനമായി സ്കൂൾ മാറുന്ന വിദ്യാർത്ഥികൾക്ക് ഗ്രേഡ് നിശ്ചയിക്കുന്നത് അവർ അവസാനമായി വിജയകരമായി പൂർത്തിയാക്കിയ ക്ലാസും പഠനപുരോഗതിയും അടിസ്ഥാനമാക്കിയായിരിക്കും.
Content Highlights: UAE announces new age cut-off for KG, Grade 1 school admissions from next academic year