

ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ വരാനും ഷൂട്ട് ചെയ്യാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂൺ.
അവതാർ 3 യുമായി ബന്ധപ്പെട്ട് എസ് എസ് രാജമൗലിയുമായി നടത്തിയ സംവാദത്തിനിടെയാണ് ജെയിംസ് കാമറൂൺ തന്റെ ആഗ്രഹത്തെക്കുറിച്ച് മനസുതുറന്നത്. 'ഞാൻ താങ്കളുടെ സെറ്റിലേക്ക് വരും. എനിക്കൊരു കാമറ തന്നാൽ ഞാൻ കുറച്ച് ഷോട്ട് എടുക്കാം', എന്നായിരുന്നു ജെയിംസ് കാമറൂണിന്റെ വാക്കുകൾ. 'ഞാൻ താങ്കളെ എന്റെ ഹൈദരാബാദിലെ സെറ്റിലേക്ക് കൊണ്ടുവരും. അതിനായി ഞാൻ കാത്തിരിക്കുകയാണ്' എന്നായിരുന്നു രാജമൗലിയുടെ മറുപടി.
നേരത്തെ ആർആർആർ കണ്ടിട്ട് രാജമൗലിയെ ജെയിംസ് കാമറൂൺ അഭിനന്ദിച്ചിരുന്നു. ലോസ് ഏഞ്ചൽസിൽ വെച്ച് നടന്ന ഒരു അവാർഡ് നിശയ്ക്കിടെയാണ് രാജമൗലിയെ ജെയിംസ് കാമറൂൺ വാനോളം പുകഴ്ത്തിയത്. ചിത്രത്തിന്റെ മേക്കിങ്ങും തിരക്കഥയും ഇഷ്ടമായെന്നും പറഞ്ഞ കാമറൂൺ സിനിമയിലെ ഓരോ രംഗങ്ങളെപ്പറ്റിയും എടുത്തു പറഞ്ഞു അഭിനന്ദിച്ചു. എന്നെങ്കിലും ഹോളിവുഡിൽ ഒരു സിനിമ ചെയ്യണമെന്ന് തോന്നിയാൽ നമുക്ക് സംസാരിക്കാമെന്നും അന്ന് രാജമൗലിയോട് ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു.
I'm gonna come to your set #SSRajamouli. You can give me a camera and I'm gonna take few shots for you like a second unit director.
— 𝐁𝐡𝐞𝐞𝐬𝐡𝐦𝐚 𝐓𝐚𝐥𝐤𝐬 (@BheeshmaTalks) December 17, 2025
- #JamesCameron #AvatarFireAndAsh
pic.twitter.com/nvDHZiTz3c
അതേസമയം, 1200 കോടിയിലാണ് വാരണാസി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ട്രെയ്ലർ ലോഞ്ചായിരുന്നു രാജമൗലി സിനിമയുടെതായി ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ നടന്നത്. 25 കോടിയോളം ഈ ഒരു ട്രെയ്ലർ ലോഞ്ചിന് മാത്രം ചെലവായി എന്നും റിപ്പോർട്ടുകൾ ഉണ്ട്. ടൈറ്റിൽ ലോഞ്ചിൽ കാള കൂറ്റൻ്റെ മുകളിൽ ശൂലം പിടിച്ച വരുന്ന മഹേഷ് ബാബുവിനെ കൗതുകത്തോടെയാണ് ആരാധകർ നോക്കിയതും. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: James Cameron about Rajamouli film Varanasi