

തിരുവനന്തപുരം: കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ മാറ്റി. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് തിരികെ നിയമിച്ചത്. അനില്‍ കുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മാറ്റിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. രജിസ്ട്രാര്‍ ആയി തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നും മാതൃ സ്ഥാപനത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും അനില്‍ കുമാര്‍ ആവശ്യപ്പെടുകയായിരുന്നു എന്നും തുടര്‍ന്നാണ് മാറ്റമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
നേരത്തെ രജിസ്ട്രാർ അനിൽകുമാറിനെ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശ പ്രകാരം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തിരുന്നു. 'അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ' എന്ന പേരിൽ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം പ്രദർശിപ്പിച്ചതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് ഗവർണർ ചടങ്ങിൽ പങ്കെടുത്തു. ഇതിന് പിന്നാലെ പരിപാടിക്ക് രജിസ്ട്രാർ എന്തുകൊണ്ട് അനുമതി നിഷേധിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് ഗവർണർ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. ഈ റിപ്പോർട്ട് പരിഗണിച്ചായിരുന്നു രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു.
ഇതിന് പിന്നാലെ സർവകലാശാലയിൽ നടന്നത് അസാധാരണ നടപടികളായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പന് വിസി രജിസ്ട്രാറുടെ പകരം ചുമതല നൽകി. ഒടുവിൽ വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ എത്തുകയും അനിൽകുമാറിന് അനുകൂലമായി ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലർ തയ്യാറായില്ല. അതേ തുടർന്ന് അനിൽകുമാർ സസ്പെൻഷനിൽ തുടരുകയായിരുന്നു.
അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ മിനി കാപ്പനെ താൽക്കാലിക രജിസ്ട്രാറായി നിയമിച്ചതും വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സിൻഡിക്കേറ്റ് അറിയാതെ വി സി സ്വന്തം നിലയിൽ താൽക്കാലിക രജിസ്ട്രാറെ നിയമിച്ചതാണ് വിവാദമായത്. മിനി കാപ്പനെ മാറ്റണമെന്ന് സിൻഡിക്കേറ്റിൻ്റെ ആവശ്യത്തിന് ഒടുവിൽ വി സി വഴിങ്ങിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർക്കെതിരെ എസ്എഫ്ഐ സമരവുമായി രംഗത്ത് വന്നിരുന്നു.
Content Highlights: KS Anilkumar removed from the post of Registrar of Kerala University