

യുഎഇയില്‍ സ്വദേശിവത്ക്കരണ നിയമത്തിന്റെ ഭാഗമായി ഈ വര്‍ഷം നടപ്പിലാക്കേണ്ട രണ്ട് ശതമാനം സ്വദേശിവത്ക്കരണം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന ഓര്‍മപ്പെടുത്തലുമായി മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. നിശ്ചിത സമയ പരിധിക്കുള്ളില്‍ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും. സ്വദേശിവത്ക്കരണ നടപടികള്‍ വഴി യുഎഇയില്‍ സ്വകാര്യ മേഖലയിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്.
യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് രണ്ട് ശതമാനം സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കണമെന്നാണ് നിയമം. ഈ സമയ പരിധി അവസാനിക്കാന്‍ ഇനി 25 ദിവസങ്ങള്‍ കൂടി മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്. ഈ മാസം 31നകം രണ്ട് ശതമാനം സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍കളെ കാത്തിരിക്കുന്നത് വലിയ പിഴയാണ്.
സ്വദേശികളെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആളൊന്നിന് 96,000 ദിര്‍ഹം എന്ന നിലയിലാകും പിഴ ഈടാക്കുക. ഇതിന് പുറമെ മറ്റ് നിയമ നടപടികളും നേരിടേണ്ടി വരും. ഇത്തരം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന ആനുകൂല്യങ്ങളും റദ്ദാക്കും. സ്വദേശിവത്ക്കരണത്തില്‍ കൃത്രിമം കാട്ടുന്ന കമ്പനികള്‍ക്കും കനത്ത പിഴ ചുമത്തും. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജനുവരി ഒന്നു മുതല്‍ വ്യാപക പരിശോധനയും ആരംഭിക്കും.
അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികളാണ് രണ്ട് ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കേണ്ടത്. കമ്പനികളുടെ സൗകര്യാര്‍ത്ഥം ആറ് മാസത്തിലൊരിക്കല്‍ ഒരു വീതം സ്വദേശികളെ നിയമിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണമെന്നും നിയമത്തില്‍ പറയുന്നു. ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉള്‍പ്പെടെ 14 മേഖലകളിലെ 68 പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്.
Content Highlights: UAE issues final Emiratisation warning to private sector