

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ അംഗത്വം എടുത്ത പൂജപ്പുര വാര്‍ഡിലെ നിലവിലെ കൗണ്‍സിലറും ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായ ബി വിജയലക്ഷ്മി തിരികെ ബിജെപിയില്‍. ബുധനാഴ്ച ഉച്ചയ്ക്ക് ഡിസിസി ഓഫിസില്‍ നടന്ന ചടങ്ങില്‍ പ്രസിഡ്‌റ് എന്‍ ശക്തനില്‍ നിന്ന് വിജയലക്ഷ്മി അംഗത്വം സ്വീകരിച്ചിരുന്നു.
കെമുരളീധരൻ, ടി ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ ബിജെപിയെ നിശിതമായി വിമർശിച്ചുകൊണ്ടാണ് വിജയലക്ഷ്മി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിനുവേണ്ടി പൂജപ്പുര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പ്രചാരണം നടത്തുമെന്നും വിജയലക്ഷ്മി പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഇന്നലെ രാത്രി ഏഴ് മണിക്ക് തിരുമലയിൽ നടന്ന ബിജെപി പ്രചാരണ പരിപാടിയിൽ വിജയലക്ഷ്മി പങ്കെടുത്തു. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു ഉദ്ഘാടകൻ. താൻ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചില്ലെന്നും, ബേക്കറി ജംക്‌ഷൻ വഴി പോയപ്പോൾ ഡിസിസി ഓഫിസിലെ നേതാക്കളെ കണ്ടെന്നും അപ്പോൾ അവിടെ ഇറങ്ങി പരിചയക്കാരായ നേതാക്കളോട് കുശലം ചോദിച്ചതാണെന്നും ബിജെപി യോഗത്തിൽ പങ്കെടുത്തശേഷം വിജയലക്ഷ്മി പറഞ്ഞു.
അംഗത്വം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ടെന്ന ബിജെപി നേതാക്കളുടെ ചോദ്യത്തിന് അതെക്കുറിച്ച് അറിയില്ലെന്നായിരുന്നു വിജയലക്ഷ്മിയുടെ പ്രതികരണം. ആർഎസ്എസ്– ബിജെപി നേതാക്കളുടെ ഭീഷണി കാരണമാണു വിജയലക്ഷ്മി ബിജെപിയിലേക്ക് മടങ്ങിപ്പോയതെന്ന് എൻ ശക്തൻ പറഞ്ഞു.
Content Highlight : Woman councilor who joined Congress returns to BJP