
ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ മറന്നുപോയത് വിമാനത്താവളത്തിൽ ആശയകുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് 148 യാത്രക്കാരുമായി ഉച്ചയ്ക്ക് 12 മണിക്കാണ് (ഇന്ത്യൻ സമയം 1.30 PM) വിമാനം പുറപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ വിമാനം ലാൻഡ് ചെയ്യുകയും ചെയ്തു.
ലഗേജിനായി യാത്രക്കാർ തടിച്ചുകൂടിയപ്പോഴാണ് ആശയക്കുഴപ്പമുണ്ടായത്. ഒരു ബാഗ് പോലും ഡൽഹിയിൽ എത്തിയിട്ടില്ലെന്ന് യാത്രക്കാർ കണ്ടെത്തി. പിന്നാലെ യാത്രക്കാരുടെ ലഗേജ് മുഴുവൻ ദുബായിൽ ആണെന്ന് അവർ തിരിച്ചറിഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ യാത്രക്കാർ പ്രതിഷേധവും ആരംഭിച്ചു. 'സ്പൈസ്ജെറ്റ് ഇന്നൊരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു. വെറും ഒരു മണിക്കൂർ വൈകിയതിന് പിന്നാലെ, അവർ യാത്രക്കാരുടെ ലഗേജ് ദുബായ് വിമാനത്താവളത്തിൽ മറന്നുവെച്ചിരിക്കുന്നു.' യാത്രക്കാരിൽ ഒരാൾ പ്രതികരിച്ചു.
ലഭ്യമാകുന്ന അടുത്ത വിമാനത്തിൽ തന്നെ ലഗേജ് എത്തിച്ചുനൽകാമെന്ന് പിന്നാലെ യാത്രക്കാർക്ക് വിമാനക്കമ്പനി ജീവനക്കാർ ഉറപ്പുനൽകി. യാത്രക്കാരോട് ബാഗേജ് ക്രമക്കേട് റിപ്പോർട്ടുകൾ പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. വിമാനത്തിന് അമിതഭാരമുള്ളതിനാൽ ബാഗേജുകൾ മറന്നുവെച്ചന്നാണ് വിമാനക്കമ്പനി അധികൃതർ വിശദീകരിച്ചത്. എന്നാൽ ലഗേജ് തൂക്കിനോക്കിയിരുന്നെങ്കിൽ പുറപ്പെട്ടശേഷം എങ്ങനെയാണ് വിമാനത്തിന് അമിതഭാരം ഉണ്ടെന്ന് അനുഭവപ്പെട്ടതെന്നായിരുന്നു യാത്രക്കാരുടെ മറുചോദ്യം.
Content Highlights: Passengers shocked as Dubai–Delhi SpiceJet flight lands without luggage