

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. രാത്രികാലങ്ങളിലും പുലർച്ചെയും പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും യാത്രികരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ജീസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നീ മേഖലകളിലാണ് കൂടുതൽ ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇവിടങ്ങളിൽ ഇടത്തരം മുതൽ കനത്ത അളവിൽ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. പെട്ടെന്നുണ്ടാകുന്ന മലവെള്ളപ്പാച്ചിൽ, ആലിപ്പഴ വർഷം, ശക്തമായ കാറ്റ്, കാഴ്ചമറയ്ക്കുന്ന രീതിയിൽ പൊടിപടലങ്ങൾ ഉയരുന്നത് എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ താഴ്‌വാരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണം.
ഇതിനുപുറമേ ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, നജ്റാൻ, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. മൂടൽമഞ്ഞും കാറ്റും മൂലം റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സിവിൽ ഡിഫെൻസ് നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
Content Highlights: Several regions in Saudi Arabia are expected to experience heavy rain and thunderstorms, prompting authorities to issue precautionary warnings and urge residents to remain vigilant during the adverse weather conditions.