

ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ആരംഭിച്ചത് മുതല്‍ വ്യോമ മാര്‍ഗം ഇത് വരെ അഞ്ച് ലക്ഷത്തോളം ഹജ്ജ് തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തിയതായി സൗദി ഗതാഗത മന്ത്രി സാലിഹ് അല്‍-ജസാര്‍ വ്യക്തമാക്കി. സൗദിയിലെ വിവിധ രാജ്യന്തര വിമാനത്താവളങ്ങള്‍ വഴിയാണ് തീര്‍ത്ഥാടകര്‍ എത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ഒഴുക്കും തുടരുകയാണ്.
ജിദ്ധയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, എന്നിവ വഴിയാണ് ഏറ്റവുമധികം വിദേശികള്‍ ഹജ്ജ് കര്‍മങ്ങള്‍ക്കായി എത്തിയത്. ഇതിന് പുറമെ യാന്‍ബു, തായിഫ്, റിയാദ്, ദമ്മാം എന്നീ രാജ്യന്തര വിമാന താവളങ്ങള്‍ വഴിയും തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടരുകയാണെന്ന് ഗതാഗത മന്ത്രി സാലിഹ് അല്‍-ജസാര്‍ വ്യക്തമാക്കി.
മക്കയിലേക്കും മദീനയിലേക്കും പോകേണ്ട തീര്‍ത്ഥാടകരെ ഹറമൈന്‍ അതി വേഗ റെയില്‍വേ വഴിയാണ് കൊണ്ടുപോകുന്നത്. ഇത് കൂടാതെ, ബസുകള്‍, ടാക്‌സികള്‍ തുടങ്ങി ഏറ്റവും പുതിയ ഗതാഗത സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകരുടെ സുഖസൗകര്യങ്ങളും സഞ്ചാരവും സുഗമമാക്കുന്നതിന് രാജ്യത്ത് ആധുനികവും സംയോജിതവുമായ ഒരു ഗതാഗത സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
അതിനിടെ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെയും കേരള ഹജ്ജ് കമ്മിറ്റിയുടെയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെയും കീഴില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ തീര്‍ത്ഥാടകരും ദിവസവും രാജ്യത്തേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു ജിദ്ധയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചു കൊണ്ട് നിരവധി മലയാളി സന്നദ്ധ സംഘടനകളും ഇതിനായി പ്രവര്‍ത്തിച്ചു വരുന്നു.
Content Highlights: Saudi authorities revealed that around five lakh pilgrims have already arrived in the country as part of this year’s Hajj season. Officials are continuing extensive arrangements to ensure smooth pilgrimage operations and crowd management.