

ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെ ആഘാതം പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് യുഎഇ ഭരണകൂടം. യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ വെല്ലുവിളികളെ നിയമപരമായി നേരിടുന്നതിനും രാജ്യത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നിര്‍ണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
യുഎഇയ്ക്ക് എതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കൃത്യമായി രേഖപ്പെടുത്തുകയാണ് ഉന്നതതല സമിതിയുടെ ലക്ഷ്യം. അന്താരാഷ്ട്ര നിയമ-സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും സമിതി തെളിവുകളും വിവരങ്ങളും ശേഖരിക്കുക. ഭാവിയില്‍ അന്താരാഷ്ട്ര നിയമനടപടികള്‍ക്ക് ഉള്‍പ്പെടെ സഹയകമാകുന്ന രീതിയില്‍ വിപുലമായ ഒരു ദേശീയ രജിസ്ട്രിയും തയ്യാറാക്കും.
വിവിധ സൈനിക നീക്കങ്ങളും ആക്രമണങ്ങളും കൃത്യമായി നിരീക്ഷിക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് സമിതിയുടെ പ്രധാന ചുമതല. ആക്രമണങ്ങള്‍ മൂലം മനുഷ്യജീവനുണ്ടായ ആഘാതം, ഭൗതികവും സാമ്പത്തികവുമായ നഷ്ടങ്ങള്‍ എന്നിവയും വിലയിരുത്തും. സാങ്കേതികവും വൈദ്യശാസ്ത്രപരവുമായ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവ വിശകലനം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുക എന്നതും സമിതിയുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നു. ശേഖരിക്കുന്ന തെളിവുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് മുന്നില്‍ നിലനില്‍ക്കുന്ന രീതിയില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുവെന്ന് സമിതി ഉറപ്പുവരുത്തും.
ഫെബ്രുവരി 28ന് ആണ് ഇറാന്‍ യുഎഇയ്ക്ക് നേരെ ആക്രമണം തുടങ്ങിയത്. ഇറാന്‍-യുഎസ് വെടിനിര്‍ത്തലിന് പിന്നാലെ ആക്രമണം അവാസനിപ്പിച്ചെങ്കിലും ഇടവേളയ്ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ഇറാന്റെ ഭാഗത്ത് നിന്ന് പ്രകേപനമുണ്ടായി. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2260 ഡ്രോണുകള്‍, 549 ബാലിസ്റ്റിക് മിസൈല്‍, 29 ക്രൂയിസ് മിസൈല്‍ എന്നിവയാണ് യുഎഇയുടെ പ്രതിരോധ സംവിധാനം നേരിട്ടത്.
Content Highlights: Authorities in the UAE have formed a special committee to study the impact of the recent attack carried out by Iran. The panel will assess security, infrastructure, and possible economic implications following the incident.