

സൗദി അറേബ്യയിൽ സന്ദർശക വിസയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം അന്തരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശിനി മഞ്ജു പുഷ്പവല്ലി (48) ആണ് ജുബൈലിൽ മരിച്ചത്. ഭർത്താവിനൊപ്പം കഴിഞ്ഞ 11 മാസമായി ജുബൈലിൽ താമസിച്ച് വരികയായിരുന്നു. അടുത്ത മാസം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മരണം ഉണ്ടായത്.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് മഞ്ജു നേരത്തെ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ കുഴഞ്ഞുവീണ ഇവരെ റെഡ് ക്രസന്റ് ആംബുലൻസ് സഹായത്തോടെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
മൃതദേഹം ഇപ്പോൾ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഔദ്യോഗിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നിയമനടപടികൾ നടന്നു വരുന്നത്.
ഭർത്താവ്: പ്രസാദ് ജനാർദ്ദനൻ (ജുബൈലിൽ ജോലി ചെയ്യുന്നു). മകൾ: അഞ്ജലി. മാതാപിതാക്കൾ: ചെല്ലപ്പൻ നാരായണൻ, പുഷ്പവല്ലി ജാനകി. സഹോദരൻ: മനോജ് കുമാർ.
Content Highlights: An Indian homemaker who had travelled to Saudi Arabia on a visit visa died after suffering a heart attack. The incident occurred during her stay in the Kingdom, and authorities have completed the necessary procedures. Further details regarding the repatriation of the body are awaited.