
മക്ക: മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും ജുമുഅ നമസ്കാരത്തിനും പ്രഭാഷണത്തിനുമുള്ള സമയം വേനൽക്കാലത്ത് 15 മിനിറ്റാക്കി തുരുക്കി. വേനൽ കാലത്ത് വിശുദ്ധ നഗരങ്ങളിൽ അനുഭവപ്പെടുന്ന തീവ്രമായ ചൂട് ഇവിടെ എത്തുന്ന വിശ്വാസികളുടെ ആരോഗ്യത്തിനെ ബാധിക്കുന്നുവെന്നതിനാലാണ് ഈ പുതിയ തീരുമാനം. വേനൽക്കാലം അവസാനിക്കുന്നത് വരെ ഈ ക്രമീകരണം തുടരും.
ഈ പ്രമുഖ പള്ളികളിലെ മതകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസ് ആണ് ഇക്കാര്യം അറിയിച്ചത്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയുടെ അസ്വസ്ഥതകൾ നേരിടാതെ ആളുകൾക്ക് മതപരമായ കർത്തവ്യങ്ങൾ നിർവഹിക്കുന്നത് എളുപ്പമാക്കുന്നതിനാണ് പ്രാർത്ഥനയുടെയും പ്രസംഗത്തിൻ്റെയും സമയം കുറയ്ക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ വെള്ളിയാഴ്ച പ്രാർത്ഥനകളും പ്രഭാഷണങ്ങളും 30 മുതൽ 45 മിനിറ്റ് വരെ നീണ്ടുനിന്നിരുന്നു. എന്നാൽ താപനില കുതിച്ചുയരുന്നതിനാൽ ഈ മാറ്റം ആവശ്യമായ ക്രമീകരണമായിട്ടാണ് കാണുന്നത്. മക്കയിലും മദീനയിലും 11 മണി മുതൽ 4 മണി വരെ ചൂട് അതി തീവ്രമാണ്. ഇതോടെയാണ് വേനലവധി അവസാനിക്കുന്നത് വരെ 15 മിനിറ്റായി ചുരുക്കാൻ തീരുമാനമായത്.
മക്കയിലും മദീനയിലും വലിയ ജനക്കൂട്ടം തടിച്ചുകൂടുന്നതിനാൽ ഈ മാറ്റം ഇപ്പോൾ വളരെ പ്രധാനമാണ്. വേനൽക്കാലത്ത് ഈ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന തീർത്ഥാടകർക്കും ആരാധകർക്കും പലപ്പോഴും ചൂട് വെല്ലുവിളിയായി മാറുന്നു. ഹറം പള്ളികളിലെ തിരക്ക് കാരണം ജുമുഅ നമസ്കാരത്തിനെത്തുന്ന വിശ്വാസികളിൽ പലരും പുറത്ത് നിന്നാണ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ജുമുഅയുടെ ദൈർഘ്യം കുറക്കാൻ തീരുമാനമായത്.