

ഒമാനിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർധനവ് രേഖപ്പെടുത്തിയത് പ്രവാസികളുടെ ജീവിതച്ചെലവ് ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം രാജ്യത്ത് മുഴുവനായുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിൽ എട്ട് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിൽ പച്ചക്കറി വില 20.1 ശതമാനവും പഴങ്ങളുടെ വില 16.3 ശതമാനവും മാംസത്തിന്റെ വില 10.3 ശതമാനവുമാണ് ഉയർന്നിട്ടുള്ളത്. ഭക്ഷ്യവിഭവങ്ങൾക്ക് പുറമെ ഗതാഗത ചെലവിലും ഹോട്ടൽ റെസ്റ്റോറന്റ് സേവനങ്ങളിലും നിരക്കുകൾ വർധിച്ചിട്ടുണ്ട്. ഗതാഗത ചെലവുകളിൽ 14.5 ശതമാനവും ഹോട്ടൽ, റെസ്റ്റോറന്റ് സേവനങ്ങളിൽ 3.6 ശതമാനവും വർധനവാണ് ഉണ്ടായിട്ടുള്ളത്. മത്സ്യവിലയിൽ അഞ്ച് ശതമാനവും പാൽ, ചീസ്, മുട്ട എന്നിവയിൽ 3.4 ശതമാനവും പഞ്ചസാര, ജാം, തേൻ, ചോക്ലേറ്റ് എന്നിവയിൽ 2.9 ശതമാനവും വർധനവുണ്ടായിട്ടുണ്ട്. മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 3.8 ശതമാനവും ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പ്രവാസികളുടെ ജീവിതച്ചെവലുകളിൽ വൻ വർധനവാണ് ഉണ്ടാക്കുന്നത്.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വ്യത്യസ്ത നിരക്കിലാണ് പണപ്പെരുപ്പം ഉണ്ടായിട്ടുള്ളത്. ഇതിൽ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയിരിക്കുന്നത് ദാഹിറയിലാണ്. ഏകദേശം 4.4 ശതമാനമാണ് ഉയർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. 3.9 ശതമാനമാണ് അൽ വുസ്തയിൽ വർധന് ഉണ്ടായിട്ടുള്ളത്. ദാഖിലിയയിൽ 3.6 ശതമാനവും തെക്കൻ ശർഖിയയിൽ 3.4 ശതമാനവും പണപ്പെരുപ്പമുണ്ടായിട്ടുണ്ട്. മസ്ക്കറ്റിൽ 3.3 ശതമാനമാണ് പണപ്പെരുപ്പം. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലെ ശരാശരി പണപ്പെതുപ്പത്തിന്റെ നിരക്ക് മൂന്ന് ശതമാനമാണെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
Content Highlights: Rising food prices and inflation in Oman are affecting household expenses and the cost of living for expatriates.