

ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്നായി മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ. ഏകദേശം 11 ലക്ഷം കോടി മൂല്യനിർണയത്തിൽ ഐപിഒയിലൂടെ വിപണിയിലെത്താനാണ് ജിയോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 30,000 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഈ ഓഹരി വിൽപ്പന യാഥാർഥ്യമായാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി മാറും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ-ടെലികോം ബിസിനസിന് സ്വതന്ത്ര വിപണി മൂല്യം ലഭിക്കുന്നതിനൊപ്പം, ടെലികോം മേഖലയിലെ നിക്ഷേപകരുടെ സമീപനത്തിലും മാറ്റമുണ്ടാകാം. ജിയോയുടെ ഐപിഒ വഴി കമ്പനിയുടെ മൂല്യം സ്വതന്ത്രമായി വിലയിരുത്താൻ നിക്ഷേപകർക്ക് അവസരം ലഭിക്കും. നിലവിൽ ജിയോ പ്ലാറ്റ്‌ഫോംസിൽ ഏകദേശം 66.4% ഓഹരി പങ്കാളിത്തമാണ് റിലയൻസ് ഇൻഡസ്ട്രീസിനുള്ളത്.
ജിയോയ്ക്ക് ഉയർന്ന മൂല്യം ലഭിക്കുന്നത് റിലയൻസിന്റെ ആസ്തികളുടെ യഥാർഥ മൂല്യം വിപണിക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിച്ചേക്കും. എന്നാൽ റിലയൻസിന്റെ ഓഹരിവിലയിൽ ഇതിന്റെ സ്വാധീനം ഉറപ്പില്ല. ജിയോയുടെ അന്തിമ മൂല്യനിർണയം, വിപണിയിലെ പ്രതികരണം, മറ്റ് ബിസിനസുകളുടെ പ്രകടനം എന്നിവയും നിർണായകമാണ്.
ഏകദേശം 11 ലക്ഷം കോടി മൂല്യം ജിയോയ്ക്ക് ലഭിച്ചാൽ, വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഭാരതി എയർടെലിനോട് നേരിട്ട് താരതമ്യം ചെയ്യപ്പെടും. ജിയോയുടെ ഐപിഒ ടെലികോം മേഖലയിലെ കമ്പനികളുടെ മൂല്യനിർണയത്തിന് പുതിയ മാനദണ്ഡം സൃഷ്ടിച്ചേക്കാമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
ജിയോയുടെ വലിയ ഉപഭോക്തൃ അടിത്തറയും ഡിജിറ്റൽ സേവനങ്ങളും ഒരു വശത്ത് നിൽക്കുമ്പോൾ, എയർടെലിന്റെ ഉപഭോക്താവിൽ നിന്നുള്ള ഉയർന്ന ശരാശരി വരുമാനവും പണമൊഴുക്കും മറുവശത്ത് നിൽക്കുന്നു. അതിനാൽ ഐപിഒ എയർടെൽ ഓഹരികൾക്ക് സമ്മർദ്ദമുണ്ടാക്കുമോ അതോ കൂടുതൽ ആകർഷകമായ മൂല്യനിർണയത്തിന് വഴിയൊരുക്കുമോ എന്നത് വിപണി ശ്രദ്ധിക്കും.
ഐപിഒയ്ക്കൊപ്പം ടെലികോം താരിഫ് വർധനയുടെ സാധ്യതയും ചർച്ചയാകുന്നുണ്ട്. മൊബൈൽ നിരക്കുകളിൽ ഏകദേശം 15% വർധന 2026 ഡിസംബറിൽ ഉണ്ടായേക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിന്റെ കണക്കുകൂട്ടൽ. നിരക്കുകൾ വർധിച്ചാൽ ജിയോയ്ക്കും എയർടെലിനും ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനവും ലാഭവും മെച്ചപ്പെടുത്താൻ സാധിച്ചേക്കും. വോഡഫോൺ ഐഡിയയുടെ ധനസമാഹരണവും വിപണിയിലെ മത്സരവും ഈ മേഖലയിലെ ഭാവി വിലനിർണയത്തെ സ്വാധീനിക്കും.
ജിയോയുടെ ഐപിഒ റിലയൻസിനും എയർടെലിനും ഒരുപോലെ ശ്രദ്ധേയമായ സംഭവമാണ്. റിലയൻസിന്റെ ഡിജിറ്റൽ ബിസിനസിന്റെ മൂല്യം കൂടുതൽ വ്യക്തമാകാനുള്ള സാധ്യതയുണ്ട്. അതേസമയം, എയർടെലിന്റെ മൂല്യനിർണയം ജിയുമായി താരതമ്യം ചെയ്യപ്പെടും. എന്നാൽ ഐപിഒ പ്രഖ്യാപനം മാത്രം അടിസ്ഥാനമാക്കി ഓഹരി വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് ഉചിതമല്ല. അന്തിമ ഇഷ്യു വില, കമ്പനിയുടെ വരുമാന വളർച്ച, ലാഭം, കടബാധ്യത, വിപണി സാഹചര്യം എന്നിവ വിലയിരുത്തിയ ശേഷമാണ് നിക്ഷേപ തീരുമാനങ്ങൾ എടുക്കേണ്ടത്.
Content Highlights: Jio IPO, Jio Platforms IPO, ₹11 Lakh Crore IPO, Reliance Industries, Mukesh Ambani, Bharti Airtel, Telecom Stocks, Indian Stock Market, IPO News, Jio Valuation