വസ്ത്രങ്ങളും വാച്ചുകളും അടക്കം വ്യാജ ബ്രാൻഡുകൾ കടത്താൻ ശ്രമം; പരാജയപ്പെടുത്തി കുവൈറ്റ് കസ്റ്റംസ്

കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പിടിച്ചെടുത്ത വ്യാജ ബ്രാൻഡ് ഉത്പ്പന്നങ്ങൾ കസ്റ്റംസിന്റെ കസ്റ്റഡിയിൽ തന്നെ സൂക്ഷിക്കാനാണ് തീരുമാനം

വസ്ത്രങ്ങളും വാച്ചുകളും അടക്കം വ്യാജ ബ്രാൻഡുകൾ കടത്താൻ ശ്രമം; പരാജയപ്പെടുത്തി കുവൈറ്റ് കസ്റ്റംസ്
dot image

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി വൻതോതിൽ വ്യാജ ബ്രാൻഡ് ഉത്പ്പന്നങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. ചൈനയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നാണ് വസ്ത്രങ്ങൾ, വാച്ചുകൾ, ചെരുപ്പുകൾ, മറ്റ് ആക്സസറികൾ എന്നിവയുൾപ്പെടെയുള്ള വ്യാജ ഉത്പ്പന്നങ്ങളുടെ വലിയൊരു ശേഖരം പിടിച്ചെടുത്തത്. തുടർനടപടികൾക്കായി കേസ് നിലവിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്.

വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ വെച്ചാണ് സംഭവം നടന്നത്. ചൈനയിൽ നിന്നെത്തിയ യാത്രക്കാരന്റെ പെരുമാറ്റത്തിലും ലഗേജിലും സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു. മൂന്ന് സ്യൂട്ട്‌കേസുകളിലായി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു പ്രമുഖ കമ്പനികളുടെ പേരിലുള്ള ഈ വ്യാജ ഉത്പ്പന്നങ്ങൾ. ഇയാളുടെ കൈവശമുണ്ടായിരുന്ന വിവിധ രാജ്യങ്ങളിലെ കറൻസികളും കസ്റ്റംസ് കൃത്യമായ നിയമനടപടികളോടെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ആവശ്യമായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണത്തിനായി കൈമാറി. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പിടിച്ചെടുത്ത വ്യാജ ബ്രാൻഡ് ഉത്പ്പന്നങ്ങൾ കസ്റ്റംസിന്റെ കസ്റ്റഡിയിൽ തന്നെ സൂക്ഷിക്കാനാണ് തീരുമാനം.

രാജ്യത്തെ ആഭ്യന്തര വിപണിയെയും യഥാർത്ഥ ബ്രാൻഡ് ഉടമകളുടെ സ്വത്തവകാശങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് നടപടി. വ്യാജ ഉത്പ്പന്നങ്ങൾ വിപണിയിലെത്തുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഇതൊഴിവാക്കാൻ രാജ്യത്തെ എല്ലാ അതിർത്തികളിലും വിമാനത്താവളങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും നിയമവിരുദ്ധമായ ചരക്കുക്കടത്തുകൾ തടയാൻ കർശന നടപടികൾ തുടരുമെന്നും കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

Content Highlights: Kuwait Customs authorities intercepted a smuggling attempt involving fake branded clothing and watches, highlighting ongoing efforts to curb counterfeit trade.

dot image
To advertise here,contact us
dot image