പ്രവാസികളുടെ വിദേശ യാത്രകൾ എളുപ്പമാക്കുക ലക്ഷ്യം; മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് പെർമിറ്റുമായി കുവൈത്ത്

ആഭ്യന്തര മന്ത്രാലയത്തിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്

പ്രവാസികളുടെ വിദേശ യാത്രകൾ എളുപ്പമാക്കുക ലക്ഷ്യം; മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് പെർമിറ്റുമായി കുവൈത്ത്
dot image

കുവൈത്തില്‍ പ്രവാസികളുടെ വിദേശ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കി മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് പെര്‍മിറ്റ് നിലവില്‍ വന്നു. പുതിയ പദ്ധതി പ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നതിന് ഓരോ തവണയും പ്രത്യേക എക്‌സിറ്റ് പെര്‍മിറ്റ് എടുക്കണ്ട ആവശ്യമില്ല. കുവൈത്തിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ വിദേശയാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ പരിഷ്‌കാരമാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് ഓരോ തവണയും പ്രത്യേക എക്‌സിറ്റ് പെര്‍മിറ്റ് എടുക്കുന്നതിന് പകരം നിശ്ചിത കാലയളവിനുള്ളില്‍ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാന്‍ അനുവദിക്കുന്ന 'മള്‍ട്ടിപ്പിള്‍ ട്രിപ്പ് എക്‌സിറ്റ് പെര്‍മിറ്റ്' സംവിധാനമാണ് പുതിയതായി നിലവില്‍ വന്നത്. നേരത്തെ പ്രവാസികള്‍ രാജ്യം വിടുമ്പോഴെല്ലാം തൊഴിലുടമയുടെ പ്രത്യേക അനുമതി നേടണമെന്ന വ്യവസ്ഥ പലപ്പോഴും വലിയ നടപടിക്രമമായി മാറിയിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

പുതിയ സംവിധാനം അനുസരിച്ച് യാത്രയുടെ ആരംഭ തീയതിയും അവസാന തീയതിയും രേഖപ്പെടുത്തി ഒരൊറ്റ അപേക്ഷ നല്‍കിയാല്‍ ആ കാലയളവിനുള്ളില്‍ പലതവണ വിദേശയാത്ര നടത്താന്‍ തൊഴിലാളികള്‍ക്ക് സാധിക്കും. അശാല്‍ പോര്‍ട്ടല്‍ വഴിയോ സഹേല്‍ ആപ്പ് വഴിയോ തൊഴിലുടമകള്‍ക്ക് ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പെര്‍മിറ്റ് ലഭിച്ചാലുടന്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും.

പ്രവാസികള്‍ക്ക് സമയലാഭം ഉറപ്പാക്കുന്നതിനൊപ്പം തൊഴില്‍ വിപണിയിലെ നടപടിക്രമങ്ങള്‍ ലളിതമാക്കാനും പുതിയ പരിഷ്‌കാരം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും വലിയ ആശ്വാസമാണ് പുതിയ തീരുമാനം.

Content Highlights: Kuwait has announced a multiple exit permit system with the objective of simplifying foreign travel for expatriates. The new measure is intended to reduce procedural hurdles and improve travel flexibility. Authorities said the initiative aligns with efforts to modernize services and enhance convenience for the expatriate community.

dot image
To advertise here,contact us
dot image