
കുവൈത്തില്‍ ക്രിമിനല്‍ കേസുകളില്‍ പിടികൂടുന്ന പ്രതികളുടെ ഫോട്ടോയും വിവരങ്ങളും പുറത്ത് വിടുമെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ക്രിമിനല്‍ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുന്നതിന്റ ഭാഗമായാണ് നടപടി. കുവൈത്തിലെ ക്രിമിനല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് ആഭ്യന്തര മന്ത്രാലയം.
വാടകയ്ക്ക് നല്‍കിയ വീടുകളില്‍ മദ്യ നിര്‍മാണവും മയക്കുമരുന്ന് കച്ചവടവും പോലെയുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നവരുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രഖ്യാപനം. അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കും. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും മയക്കുമരുന്ന് പോലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്കായി ബാല്യവും കുടുംബവും നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയവും പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗവും വ്യക്തമാക്കി.
ക്രിമിനല്‍ പ്രവര്‍ത്തനം വ്യാപിക്കുന്ന സാഹചര്യത്തില്‍, പൊതുജനങ്ങളുടെ സഹകരണം ഉറപ്പുവരുത്താനും കുറ്റവാളികള്‍ക്ക് സംരക്ഷണമില്ലെന്ന സന്ദേശം നല്‍കാനും ഇതുപോലുള്ള നടപടികള്‍ അനിവാര്യമാണെന്നും അധികൃതര്‍ പറഞ്ഞു.
Content Highlights: Kuwait plans to release photos and information of suspects in criminal cases