

ബഹ്‌റൈനില്‍ ചാരിറ്റബിള്‍ സംഘടനകളും മറ്റ് അംഗീകൃത സ്ഥാപനങ്ങളും പൊതു ആവശ്യങ്ങള്‍ക്കായി ശേഖരിക്കുന്ന ഫണ്ട് വിദേശത്തേക്ക് കൈമാറുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച കരട് നിയമം ഇപ്പോള്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതിയുടെ പരിഗണനയിലാണ്. നിയമ ലംഘകര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം വിനിയോഗിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബഹ്‌റൈനില്‍ പുതിയ നിയമം കണ്ടുവരുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ചാരിറ്റബിള്‍ സംഘടനകള്‍ക്കും അംഗീകൃത സ്ഥാപനങ്ങള്‍ക്കും ഫണ്ട് ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും. മുന്‍കൂര്‍ അനുമതിയില്ലാതെ ഏതെങ്കിലും സംഘടന സംഭാവനകള്‍ സ്വീകരിക്കുകയാണെങ്കില്‍, ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ അക്കാര്യം സോഷ്യല്‍ ഡെവലപ്പ്‌മെന്റ് മന്ത്രാലയത്തെ അറിയിക്കണം.
ദാതാവിന്റെ വിശദാംശങ്ങളും തുക സംബന്ധിച്ചുള്ള വിശദ വിവരങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. മന്ത്രാലയം 30 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ ആ സംഭാവന നിരസിച്ചതായി കണക്കാക്കുമെന്നും കരട് നിയമം വ്യക്തമാക്കുന്നു. ഫണ്ട് ശേഖരണത്തിനുള്ള അനുമതിക്കാലാവധി അവസാനിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ സ്വീകരിച്ച തുകയെക്കുറിച്ചും അത് എവിടെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചും കൃത്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീളുന്ന പദ്ധതിയാണെങ്കില്‍ ഓരോ വര്‍ഷവും കണക്കുകള്‍ സമര്‍പ്പിക്കേണ്ടിവരും. സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന ഒരു ദിനാര്‍ പോലും സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ കൈമാറാന്‍ സാധിക്കില്ലെന്നും കരട് നിയമത്തില്‍ പറയുന്നു. നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിയമം ശുപാര്‍ശ ചെയ്യുന്നു. ഇതു പ്രകാരം അനുമതിയില്ലാതെ പണം കൈമാറുന്നവര്‍ക്ക് തടവും ആയിരം ബഹ്‌റൈന്‍ ദിനാര്‍ വരെ പിഴയും ചുമത്തും. ഭരണപരമായ മറ്റ് നിയമലംഘനങ്ങള്‍ക്ക് സമാനമായ പിഴ നല്‍കേണ്ടിവരും. അവ്യക്തമായി ശേഖരിച്ച പണം കണ്ടുകെട്ടാന്‍ കോടതിക്ക് പ്രത്യേക അനുമതിയും നല്‍കും. നിലവിലുള്ള ഫണ്ട് ശേഖരണ നിയമത്തില്‍ കൂടുതല്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്.
Content Highlights: Bahrain has imposed strict regulations on the transfer of public funds abroad for essential needs. These measures are aimed at controlling the outflow of funds, ensuring that public resources are utilized within the country for public necessities. The new laws come as part of broader financial governance reforms.