
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി എഐഎഡിഎംകെ സഖ്യസാധ്യത തേടുന്നതായി സൂചന. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന ഡിഎംകെയെ പുറത്താക്കുകയെന്നതാണ് ഇരുപാര്‍ട്ടികളുടെയും ലക്ഷ്യമെന്നിരിക്കെ സമാനചിന്താഗതിക്കാര്‍ ഒന്നിക്കുന്നതിന്റെ സൂചനയാണ് എഐഎഡിഎംകെ നല്‍കിയത്. ഭാവിയില്‍ ടിവികെ എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നേക്കുമെന്ന് മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് കടമ്പൂര്‍ രാജു പ്രതികരിച്ചു.
അടുത്ത ജനുവരിയില്‍ സഖ്യം പ്രഖ്യാപിക്കുന്ന വേളയില്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ലെന്നാണ് കടമ്പൂര്‍ രാജു പ്രതികരിച്ചത്. ഡിഎംകെ സര്‍ക്കാരിനെ താഴിയെറക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഒന്നിക്കണമെന്നും രാഷ്ട്രീയത്തില്‍ എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും എഐഎഡിഎംകെ നേതാവ് പറഞ്ഞു.
'ജനവിരുദ്ധ സര്‍ക്കാരാണ് തമിഴ്‌നാട് ഭരിക്കുന്നത്. വ്യാജ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഡിഎംകെ അധികാരത്തിലെത്തിയത്. തമിഴ്‌നാട് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സ്റ്റാലിന്‍ പ്രവര്‍ത്തിക്കുന്നത്', എന്നും കടമ്പൂര്‍ രാജു പ്രതികരിച്ചു. വിജയിയിലും ഇതേ വികാരമാണ് പ്രതിധ്വനിക്കുന്നതെന്നും അതില്‍ തെറ്റില്ലെന്നും കടമ്പൂര്‍ രാജു കൂട്ടിച്ചേര്‍ത്തു.
ടിവികെ എഐഎഡിഎംകെ-ബിജെപി സഖ്യത്തിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി നേതാവ് നാരായണന്‍ തിരുപതിയും പ്രതികരിച്ചു. ടിവികെ സഖ്യത്തിനൊപ്പം കൈകോര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വിജയ്‌യോ ടിവികെയോ പ്രതികരിച്ചിട്ടില്ല.
Content Highlights: AIADMK hints possible tie up with TVK In Tamil Nadu assembly election