Top

യുഎഇ-ഇറാന്‍ ബന്ധം പുനഃസ്ഥാപിക്കുന്നു; യുഎഇയുടെ ഇറാന്‍ സ്ഥാനപതി ഉടന്‍ സ്ഥാനമേറ്റെടുക്കും

ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് യുഎഇയുടെ സ്ഥാനപതി ഇറാനില്‍ ജോലി പുനരാരംഭിക്കുന്നത്.

22 Aug 2022 7:31 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇ-ഇറാന്‍ ബന്ധം പുനഃസ്ഥാപിക്കുന്നു; യുഎഇയുടെ ഇറാന്‍ സ്ഥാനപതി ഉടന്‍ സ്ഥാനമേറ്റെടുക്കും
X

അബുദാബി: യുഎഇ -ഇറാന്‍ ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ ഇറാന്‍ സ്ഥാനപതി ഉടന്‍ സ്ഥാനമേറ്റെടുക്കും. ഇറാന്‍-യുഎഇ ഉഭയകക്ഷി ബന്ധം വേര്‍പ്പെട്ട് ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് യുഎഇയുടെ സ്ഥാനപതി ഇറാനില്‍ ജോലി പുനരാരംഭിക്കുന്നത്.

ജൂലൈ ഇരുപത്തിയാറിന് യുഎഇ വിദേശ, ആഭ്യന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്യാനും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസ്സെന്‍ ആമിര്‍ അബ്ദുള്ളയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് തുടക്കമിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ആധാരമായ നയതന്ത്ര നിയമങ്ങള്‍ ഏകോപിപ്പിക്കാനുള്ള നീക്കമുണ്ടെന്നാണ് സൂചന.

യുഎഇ സ്ഥാനപതി ഇറാനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. മേഖലയുടേയും ഇരു രാജ്യങ്ങളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് യുഎഇ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ഇതുവഴി സാധ്യമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

2016ല്‍ ഇറാനിയന്‍ പ്രതിഷേധക്കാര്‍ യുഎഇയുടെ നയതന്ത്ര കാര്യാലയം ആക്രമിച്ചതിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ന്നത്. 2016 ജനുവരിയില്‍ രണ്ടിന് സൗദി അറേബ്യയുടെ കടുത്ത വിമര്‍ശകനായ ഷിയാ പണ്ഡിതന്‍ നിമര്‍-അല്‍-നിമറിനെ റിയാദില്‍ തല വെട്ടിയതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധക്കാര്‍ ഇറാനിലെ യുഎഇ നയതന്ത്രകാര്യാലയം അക്രമിച്ചത്.

Next Story