
ഷാര്ജ: എമിറേറ്റില് നിന്ന് കഴിഞ്ഞ ദിവസം കാണാതായ ഓട്ടിസം ബാധിതനായ മലയാളി യുവാവിനെ കണ്ടെത്തി. ഷാര്ജ അല് ബതീനയില് താമസിക്കുന്ന ജെബി തോമസിന്റെ മകന് ഫെലിക്സി(18)നെയാണ് കണ്ടെത്തിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയതെന്ന് പിതാവ് അറിയിച്ചു. ശനിയാഴ്ച രാത്രി 8.45ന് ഷാര്ജ സിറ്റി സെന്ററില് മാതാവിനും സഹോദരിക്കും ഒപ്പം ഷോപ്പിങ് നടത്തുന്നതിനിടയിലാണ് കാണാതായത്.
ഫെലിക്സ് സുരക്ഷിതനാണ്, പക്ഷേ അവൻ വളരെ ക്ഷീണിതനാണെന്നും ഷാര്ജയിലെ കുവൈറ്റ് ഹോസ്പിറ്റലില് നിന്ന് പിതാവ് അറിയിച്ചു. ഫെലിക്സിനെ കാണാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയെ തുടർന്ന് ഷാർജ പൊലീസ് കേസ് ഫയൽ ചെയ്ത് പരിശോധന തുടങ്ങിയിരുന്നു. കുട്ടിയെ കാണാതായ സാഹചര്യത്തിൽ കുടുംബം സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. കൂടാതെ സമീപത്തുള്ള കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തത് കുട്ടിയെ കണ്ടെത്താൻ സഹായിച്ചു.
മകനെ കാണാതായി 24 മണിക്കൂറിന് ശേഷം ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് വഴി കുവൈറ്റിലേക്ക് യാത്രക്കാരനില് നിന്ന് ഫോൺ കോൾ വന്നതായി ജെബി തോമസ് പറഞ്ഞു. കുവൈറ്റിലേക്ക് യാത്ര ചെയ്ത ഒരു മലയാളിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. സോഷ്യല് മീഡിയ പോസ്റ്റ് തിരിച്ചറിഞ്ഞതിനെ തുടര്ന്ന് പിതാവിനെ ബന്ധുപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് അനന്തരവൻ ദിജിത്തും സുഹൃത്തും ചേർന്ന് വിമാനത്താവളത്തിലേക്ക് എത്തുകയും അവിടെ നിന്ന് ഫെലിക്സിനെ കണ്ടെത്തുകയുമായിരുന്നുവെന്ന് ജെബി തോമസ് പറഞ്ഞു.
ഷാര്ജയിലായിരുന്ന ജെബി തോമസും ഭാര്യയും ആശുപത്രിയിലെത്തി. ഫെലിക്സ് സുരക്ഷിതനാണ്, പക്ഷേ അവൻ വലിയ ക്ഷീണിതനായിരുന്നു. ഏറെ നേരം നടന്നു, ഉറങ്ങിയിരുന്നില്ല, കാലുകൾ നീരുവന്നിരുന്നു. ഫെലിക്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ജെബി തോമസ് പറഞ്ഞു. മകനെ കണ്ടെത്താൻ സഹായിച്ച യാത്രക്കാരനും അവനെ തിരയാൻ സഹായിച്ച എല്ലാവർക്കും പിതാവ് നന്ദി പറഞ്ഞു.