ഗാസയില് നിര്മ്മിച്ച ഫീല്ഡ് ആശുപത്രി പ്രവര്ത്തനം തുടങ്ങി; സഹായമെത്തിച്ച് യുഎഇ

'ഗാലന്റ് നൈറ്റ് 3' ഓപ്പറേഷന്റെ ഭാഗമായാണ് യുഎഇയുടെ നേതൃത്വത്തില് ഗാസയില് ഫീല്ഡ് ആശുപത്രി സ്ഥാപിച്ചത്

dot image

അബുദാബി: യുഎഇയുടെ നേതൃത്വത്തില് ഗാസയില് നിര്മ്മിച്ച ഫീല്ഡ് ആശുപത്രി പ്രവര്ത്തനം തുടങ്ങി. യുദ്ധത്തില് പരിക്കേറ്റ സ്ത്രീകളും കുട്ടികളും ഉള്പ്പെടെ നിരവധി ആളുകള്ക്കാണ് ആശുപത്രിയില് ചികിത്സ ലഭ്യമാക്കുന്നത്. കൂടാതെ ഗാസയിലെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫീല്ഡ് ആശുപത്രി സ്ഥാപിക്കുന്നതിന് യുഎഇ സഹായം ലഭ്യമാക്കിയത്.

'ഗാലന്റ് നൈറ്റ് 3' ഓപ്പറേഷന്റെ ഭാഗമായാണ് യുഎഇയുടെ നേതൃത്വത്തില് ഗാസയില് ഫീല്ഡ് ആശുപത്രി സ്ഥാപിച്ചത്. 150-ലധികം കിടക്കകളുള്ള ആശുപത്രിയാണ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ന് മുതല് ചികിത്സ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ജനറല്, പീഡിയാട്രിക്, വാസ്കുലര് സര്ജറികള്, മുതിര്ന്നവര്ക്കും കുട്ടികള്ക്കുമുള്ള തീവ്രപരിചരണ വിഭാഗം എന്നിവയ്ക്ക് പുറമെ അനസ്തേഷ്യ വിഭാഗം, ഇന്റേണല് മെഡിസിന്, ദന്ത ചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിന് എന്നീ വിഭാഗങ്ങളും ഫീല്ഡ് ആശുപത്രിയില് ഉണ്ട്.

സി ടി സ്കാന്, അത്യാധുനിക ലാബ്, ഫാര്മസി, മെഡിക്കല് സപ്പോര്ട്ട് സേവനങ്ങള് എന്നിവയുള്പ്പെടെ വിവിധ തരത്തിലുള്ള ശസ്ത്രക്രിയകള് നടത്താന് സജ്ജീകരിച്ച ശസ്ത്രക്രിയാ റൂമുകളും ആശുപത്രിയുടെ പ്രത്യേകതയാണ്. ഗാസയിലെ ജനങ്ങള്ക്ക് കൂടുതല് സഹായം എത്തിക്കുന്നതിനുളള ശ്രമങ്ങളിലാണ് യുഎഇ ഭരണകൂടം. അവശ്യ വസ്തുക്കളും മരുന്നും മെഡിക്കല് ഉപകരണങ്ങളും അടക്കം നിരവധി സഹായങ്ങളാണ് യുഎഇ ഇതിനകം ഗാസക്ക് കൈമാറിയത്. ഈജിപ്തിലെ ആല് ആരിഷ് വിമാനത്താവളത്തില് എത്തിച്ച ശേഷം റെഡ് ക്രസന്റ് വാളന്റിയര്മാരുടെ സഹകരണത്തോടെയാണ് സഹായങ്ങള് കൈമാറുന്നത്.

dot image
To advertise here,contact us
dot image