യുഎഇ വിപണിയില് ബസുമതി ഇതര അരി വീണ്ടുമെത്തുന്നു; 75,000 ടണ് കയറ്റുമതി ചെയ്യാൻ അനുമതി നൽകി ഇന്ത്യ
അബുദബി: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില് നിന്നുളള ബസുമതി ഇതര അരി വീണ്ടും യുഎഇ വിപണിയില് എത്തുന്നു. 75,000 ടണ് അരി യുഎഇയിലേക്ക് കയറ്റുമതി ചെയ്യാന് ഇന്ത്യ അനുമതി നല്കി. ജൂലൈ 20 മുതലാണ് ബസുമതി ഒഴികെയുളള അരിയുടെയും അരി ഉല്പ്പന്നങ്ങളുടെയും കയറ്റുമതി ഇന്ത്യ നിര്ത്തിവച്ചത്.
യുഎഇയുടെ ആവശ്യം പരിഗണിച്ചാണ് 75,000 ടണ് ബസുമതി ഇതര അരി യുഎഇയിലേക്ക് കയറ്റുമതി ചെയ്യാന് ഇന്ത്യ അനുമതി നല്കിയിരിക്കുന്നത്. നാഷണല് കോഓപ്പറേറ്റീവ് എക്സ്പോര്ട്ട്സ് ലിമിറ്റഡ് വഴിയാണ് അരി എത്തിക്കുക. വരും ദിവസങ്ങളില് ഇന്ത്യയില് നിന്നുള്ള അരി യുഎഇ വിപണിയില് എത്തും. സമാനമായ രീതിയില് സിംഗപ്പൂരിലേക്കും അരി കയറ്റുമതിക്ക് ഇന്ത്യ കഴിഞ്ഞമാസം അനുമതി നല്കിയിരുന്നു.
സിംഗപ്പൂരിലെ വിപണികളില് ആവശ്യത്തിന് അരി ലഭ്യമല്ലാതെ വന്ന സാഹചര്യത്തിലായിരുന്നു നടപടി. ഇന്ത്യയില് നിന്നുളള വരവ് നിലച്ചതിന് വിവിധ രാജ്യങ്ങളിലേക്കുള്ള അരി കയറ്റുമതി യുഎഇ നിര്ത്തിവച്ചിരിക്കുകയാണ്. പ്രാദേശിക വിപണിയില് ലഭ്യത ഉറപ്പാക്കുന്നതിനായ് പാകിസ്ഥാന്, വിയറ്റ്നാം ,തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളില് നിന്ന് യുഎഇയിലേക്ക് അരിയും അരി ഉല്പ്പന്നങ്ങളും എത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് ഉണ്ടായ കൃഷിനാശം മൂലം രാജ്യത്ത് അരിക്ഷാമം നേരിടുമെന്ന വിലയിരുത്തലിനെ തുടര്ന്നാണ് ഇക്കഴിഞ്ഞ ജൂലൈ മുതല് കേന്ദ്രസര്ക്കാര് ബസുമതി ഒഴികെയുളള അരിയുടെയും അരി ഉല്പ്പന്നങ്ങളുടെയും കയറ്റുമതിക്ക് നിരോധനം ഏര്പ്പെടുത്തിയത്. യുഎഇയിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളില് ഒന്നാണ് ഇന്ത്യ.