
അബുദബി: മെന്റലിസ്റ്റ് കലാകാരന് ഫാസില് ബഷീറിന്റെ 12 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഗേജ് എയര് ഇന്ത്യ വിമാനത്തില് നഷ്ടപ്പെട്ടതായി പരാതി. കൊച്ചിയില് നിന്ന് ദുബായിലേക്കുള്ള യാത്രക്കിടയിലാണ് ലഗേജ് നഷ്ടമായത്. മെന്റലിസം, ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ ഉപകരണങ്ങള് നഷ്ടമായതിനാല് യുഎഇയിലെ പരിപാടി മുടങ്ങി.
ശനിയാഴ്ച കൊച്ചിയില് നിന്ന് ദുബായിലേക്കുള്ള യാത്രയിലാണ് മെന്റലിസ്റ്റ് കലാകാരന് ഫാസില് ബഷീറിന്റെ വിലപിടിപ്പുളള വസ്തുക്കള് അടങ്ങിയ ലഗേജ് നഷ്ടപ്പെട്ടത്. ദുബായില് വിമാനം ഇറങ്ങിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഫാസില് അറിയുന്നത്. കൊച്ചിയില് നിന്ന് ലഗേജ് കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയര് ഇന്ത്യ ഓഫീസും ദുബായില് എത്തിയ വിമാനത്തില് ബാഗ് ഇല്ലായിരുന്നു എന്നും ദുബായ് എയര് ഇന്ത്യ ഓഫീസും പറയുന്നു. യുഎഇ സമയം 1.20ന് ലാന്ഡ് ചെയ്ത വിമാനത്തില് നിന്ന് ഇറങ്ങി രാത്രി എട്ട് മണി വരെ എയര്പോര്ട്ടില് കാത്തിരുന്നെന്നും ലഗേജ് കണ്ടെത്താന് ഇതുവരെ എയര് ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്നും ഫാസില് ബഷീര് പറഞ്ഞു.
അജ്മാനില് ഇന്ന് വൈകുന്നേരം നടക്കേണ്ട നിലമ്പൂര് ഫെസ്റ്റില് പരിപാടി അവതരിപ്പിക്കാന് എത്തിയതായിരുന്നു ഫാസില് ബഷീര്. ഇതിനാവശ്യമായ ഉപകരണങ്ങള് നഷ്ടമായതിനാല് പരിപാടി മുടങ്ങി. ഈ മാസം 21ന് കേരളത്തിലും അടുത്തമാസം ഒമാനിനും ഫാസിലിന് സ്റ്റേ ഷോകള് ഉണ്ട്. എന്നാല് നഷ്ടപ്പെട്ട ലഗേജ് തിരിച്ച് കിട്ടാതെ സ്റ്റേജ് ഷോകള് നടത്താന് കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്.
ഫാസില് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഏറ്റവും മോശമായ അനുഭവമാണ് ഇന്ന് എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്, ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിൽ നിന്നും ദുബായിക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്നും വളരെ വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ എന്റെ ബാഗ് നഷ്ടപ്പെട്ടിരിക്കുന്നു ഏകദേശം 12 ലക്ഷത്തോളം രൂപ വിലവരുന്ന മെന്റലിസം ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ വസ്തുക്കളാണ് ബാഗിനകത്ത് ഉണ്ടായിരുന്നത്, കൊച്ചിയിൽ നിന്നും ബാഗ് ഫ്ലൈറ്റിൽ കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയർ ഇന്ത്യ ഓഫീസും ദുബായിൽ വന്ന ഫ്ലൈറ്റിൽ ആ ബാഗ് ഇല്ല എന്ന് ദുബായ് എയർ ഇന്ത്യ ഓഫീസും തമ്മിൽ തമ്മിൽ പറഞ്ഞു കബളിപ്പിച്ചുകൊണ്ടിരിക്കുന്നു UAE സമയം 1: 20ന് ലാൻഡ് ചെയ്ത ഫ്ലൈറ്റിൽ നിന്നും ഇറങ്ങി രാത്രി 8 മണി വരെ എയർപോർട്ടിൽ വെയിറ്റ് ചെയ്തിട്ടും ബാഗ് ലഭിച്ചിട്ടില്ല ഇത്രയും വൃത്തികെട്ട സർവീസാണ് എയർ ഇന്ത്യ നൽകുന്നത് എന്ന് എല്ലാവരും മനസ്സിലാക്കുക. തീർച്ചയായും നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങുന്നു.
പരമാവധി എല്ലാവരും ഈ പോസ്റ്റ് ഷെയർ ചെയ്യുക
ഫാസിൽ ബഷീർ