
അബുദബി: സമുദ്ര മേഖലയില് കൂടുതല് വികസനം ലക്ഷ്യമിട്ട് അബുദബിയില് രണ്ട് പുതിയ തുറമുഖങ്ങള് പ്രവര്ത്തനം ആരംഭിച്ചു. കൂടുതല് തൊഴിൽ അവസരങ്ങള് സൃഷ്ടിക്കുന്നതിനൊപ്പം വ്യാപാരം, ടൂറിസം മേഖലകളില് വലിയ പുരോഗതിയും ഇതിലൂടെ ലക്ഷ്യമിടുന്നു. മാരിടൈം മാസ്റ്റര് പ്ലാനിന്റെ ഭാഗമായാണ് പുതിയ തുറമുഖങ്ങള് നിര്മ്മിച്ചത്.
സില കമ്മ്യൂണിറ്റി ഹാര്ബര്, അല് ഫായി ദ്വീപ് മറീന എന്നിവയാണ് പുതിയതായി പ്രവര്ത്തനം ആരംഭിച്ചത് .മാരിടൈം മാസ്റ്റര്പ്ലാനിന്റെ ഭാഗമായി അല് ദഫ്ര മേഖലയിലാണ് പുതിയ പദ്ധതികള്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അല് ദഫ്രയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാന് ബിന് സായിദിന്റെ സാന്നിധ്യത്തിലാണ് രണ്ട് തുറമുഖങ്ങളും തുറന്നത്. 64 മത്സ്യബന്ധന ബോട്ടുകള്ക്കും സ്വകാര്യ കപ്പലുകള്ക്കും വേണ്ടിയുളള സൗകര്യങ്ങളാണ് സില കമ്മ്യൂണിറ്റി ഹാര്ബറില് തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് മാര്ക്കറ്റും റസ്റ്റോറന്റും അഡ്മിനിസ്ട്രേഷൻ കെട്ടിടവും ഉള്പ്പെടുന്നതാണ് ഈ പദ്ധതി.
500 മീറ്റര് നീളവും 35 മീറ്റര് വീതിയുമുള്ള നാവിഗേഷന് കനാല്, കരയുമായി ബന്ധിപ്പിക്കുന്ന 220 മീറ്റര് റോഡ്, ബോട്ടുകള് കെട്ടുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി 1.5 മീറ്റര് താഴ്ചയുള്ള തടം തുടങ്ങിയ സൗകര്യങ്ങളാണ് അല് ഫായി മറീന ദീപില് ഉളളത്. സന്ദര്ശകര്ക്കായി പ്രത്യേക സൗകര്യങ്ങളും ഇവിടെ ഏര്പ്പെടുത്തിയിട്ടുണ്ട്. കൂടുതല് തൊഴിവസരങ്ങള് സൃഷ്ടിക്കുന്നതിന് രണ്ട് പ്രധാന പദ്ധതികളിലൂടെ സാധിച്ചതായി തുറമുഖ വകുപ്പ് അറിയിച്ചു. സമുദ്ര വ്യാപാര മേഖലയിലും വിനോദ സഞ്ചാര മേഖലയിലും വലിയ പുരോഗതിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. പ്രാദേശിക മത്സ്യബന്ധന മേഖലയുടെ വികസനവും ലക്ഷ്യമിടുന്നുണ്ട്.