'യുണൈറ്റഡിന് ആവശ്യം ഗോളുകള്‍ മാത്രം സ്കോര്‍ ചെയ്യുന്ന താരത്തെ'; ജാവോ ഫെലിക്സിനെ സൈന്‍ ചെയ്യേണ്ടതില്ലെന്ന് പാട്രിസ് എവ്ര
അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണിയുമായുള്ള പ്രശ്നങ്ങള്‍ മൂലമാണ് ജാവോ ഫെലിക്സ് ക്ലബ്ബ് വിടാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
7 Jan 2023 4:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മാഞ്ചസ്റ്റര്‍: അത്ലറ്റികോ മാഡ്രിഡ് വിടാനൊരുങ്ങുന്ന പോര്‍ച്ചുഗീസ് യുവതാരം ജാവോ ഫെലിക്സിനെ നോട്ടമിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ അഴ്സണല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവര്‍ രംഗത്ത്. അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണിയുമായുള്ള പ്രശ്നങ്ങള്‍ മൂലമാണ് താരം ക്ലബ്ബ് വിടാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജാവോ ഫെലിക്സിനെ ഏറ്റെടുക്കാന്‍ തയ്യാറാകരുതെന്ന് യുണൈറ്റഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഫ്രാന്‍സിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും മുന്‍ പ്രതിരോധ താരമായിരുന്ന പാട്രിസ് എവ്ര.
'എനിക്ക് ജാവോ ഫെലിക്സിനെ വളരെ ഇഷ്ടമാണ്. അദ്ദേഹം മികച്ച കളിക്കാരനാണ്. പക്ഷേ അത്ലറ്റികോ മാഡ്രിഡില്‍ പരിശീലകന് ഡീഗോ സിമിയോണിയുമായി അദ്ദേഹത്തിന് പൊരുത്തപ്പെടാന്‍ സാധിക്കാതിരുന്നത് എന്നെ അതിശയപ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. ബിസിനസിന് വേണ്ടിയോ ആരാധകരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയോ മാത്രം ഒരു താരത്തെ കൊണ്ടുവരാന്‍ സാധിക്കില്ല. ഗോളുകള്‍ സ്കോര്‍ ചെയ്യാന്‍ മാത്രം ആവശ്യമുള്ള ഒരു കളിക്കാരനെയാണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആവശ്യം', പാട്രിസ് എവ്ര പറഞ്ഞു.
പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനഫികയില്‍ നിന്ന് 2019ലാണ് ജാവോ ഫെലിക്സ് അത്ലറ്റികോ മാഡ്രിഡില്‍ ചേരുന്നത്. ലോകകപ്പിനിടയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്താക്കിയ ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ മുന്‍നിര താരത്തിനായുള്ള കാത്തിരിപ്പിലാണ്. അതേസമയം ലോകകപ്പ് ജേതാവും ബെനഫിക യുവതാരവുമായ എന്‍സോ ഫെര്‍ണാണ്ടസിനെ ടീമിലെത്തിക്കാനും യുണൈറ്റഡ് രംഗത്തുണ്ട്.
STORY HIGHLIGHTS: Patrice Evra tells Manchester United to avoid signing Joao Felix