Top

ഐ.എസ്.എല്ലില്‍ ഗോവയ്ക്ക് ശനിദശ തന്നെ; ബഗാനോടു രണ്ടു ഗോള്‍ തോല്‍വി

ഇരുപകുതികളുടെയും തുടക്കത്തില്‍ മന്‍വീര്‍ സിങ് നേടിയ എണ്ണം പറഞ്ഞ രണ്ടു ഗോളുകളാണ് ബഗാന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

15 Feb 2022 4:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐ.എസ്.എല്ലില്‍ ഗോവയ്ക്ക് ശനിദശ തന്നെ; ബഗാനോടു രണ്ടു ഗോള്‍ തോല്‍വി
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ എഫ്.സി. ഗോവയുടെ ശനിദശ തുടരുന്നു. ഇന്നു നടന്ന മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനോടു രണ്ടു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയ അവരുടെ സെമി സാധ്യതകള്‍ അസ്തമിച്ചു.

ഇരുപകുതികളുടെയും തുടക്കത്തില്‍ മന്‍വീര്‍ സിങ് നേടിയ എണ്ണം പറഞ്ഞ രണ്ടു ഗോളുകളാണ് ബഗാന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. മൂന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയാണ് അവര്‍ തുടങ്ങിയത്. ലിസ്റ്റണ്‍ കൊളാസോയുടെ തകര്‍പ്പനൊരു ക്രോസില്‍ തലവച്ചാണ് മന്‍വീര്‍ അവരെ തുടക്കത്തിലേ മുന്നിലെത്തിച്ചത്.

പിന്നീട് ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ അവര്‍ക്കായി രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ മന്‍വീര്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇക്കുറി ലെന്നി റോഡ്രിഗസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.

ജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തിയ ബഗാന്‍ സെമി സാധ്യത സജീവമാക്കി. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോവ 18 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. 29 പോയിന്റുള്ള ഹൈദരാബാദ് എഫ്.സിയാണ് പട്ടികയിലെ ഒന്നാമന്മാര്‍.




Next Story