ബൂട്ടഴിക്കും മുന്‍പ് റൊണാള്‍ഡോയ്ക്ക് ഒരു സ്വപ്‌നം കൂടി ബാക്കിയുണ്ട്: അഡ്രിയാന്‍ മുട്ടു

14കാരനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ നിലവില്‍ സൗദി ക്ലബ്ബ് അല്‍ നസര്‍ അക്കാദമിയിലാണ് കളിക്കുന്നത്
ബൂട്ടഴിക്കും മുന്‍പ് റൊണാള്‍ഡോയ്ക്ക് ഒരു സ്വപ്‌നം കൂടി ബാക്കിയുണ്ട്: അഡ്രിയാന്‍ മുട്ടു

ന്യൂയോര്‍ക്ക്: 2024 യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിരമിക്കലിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. യൂറോ കപ്പോടെ വിരമിക്കുമെന്ന് റോണോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരം 2026 ലോകകപ്പുകൂടി മുന്നില്‍ കാണുന്നുവെന്നാണ് പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം അറിയിച്ച് റൊണാള്‍ഡോ ഇതുവരെ രംഗത്തെത്തിയിട്ടില്ല. ഇപ്പോള്‍ റൊണാള്‍ഡോയുടെ വിരമിക്കലിനെ കുറിച്ച് രസകരമായ കാര്യം പങ്കുവെക്കുകയാണ് മുന്‍ ചെല്‍സി താരം അഡ്രിയാന്‍ മുട്ടു. താരത്തിന് മറ്റൊരു സ്വപ്നമുണ്ടെന്നും അത് യാഥാര്‍ത്ഥ്യമായാല്‍ മാത്രമാണ് റൊണാള്‍ഡോ ഫുട്‌ബോള്‍ മതിയാക്കുക എന്നാണ് സുഹൃത്ത് കൂടിയായ മുട്ടു അവകാശപ്പെടുന്നത്.

റൊണാള്‍ഡോ ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുട്ടു. 'റൊണാള്‍ഡോയ്ക്ക് അദ്ദേഹത്തിന്റെ മകനൊപ്പം ഒരു ഔദ്യോഗിക മത്സരം കളിക്കണമെന്ന ആഗ്രഹമുണ്ട്. അദ്ദേഹം ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തയ്യാറാവാത്തതിന്റെ കാരണം അതാണ്. ആ സ്വപ്നമാണ് അദ്ദേഹത്തെ മുന്നോട്ടുനയിക്കുന്നത്', മുട്ടു തുറന്നുപറഞ്ഞു.

'അല്‍ നസറില്‍ ഇത് സാധ്യമാണെന്ന് ഞാന്‍ കരുതുന്നു. റൊണാള്‍ഡോ റയല്‍ മാഡ്രിഡ് പോലുള്ള മറ്റേതെങ്കിലും ടീമില്‍ ആയിരുന്നെങ്കില്‍ ഇക്കാര്യം ഒരുപക്ഷേ കുറച്ചുകൂടി പ്രയാസമായിരിക്കാം. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇത് സാധ്യമായിരിക്കാം', താരം വ്യക്തമാക്കി.

14കാരനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ നിലവില്‍ സൗദി ക്ലബ്ബ് അല്‍ നസര്‍ അക്കാദമിയിലാണ് കളിക്കുന്നത്. അല്‍ നസറിന്റെ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കണമെങ്കില്‍ ക്രിസ്റ്റ്യാനോ ജൂനിയറിന് ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. അത്രയും കാലം കളത്തില്‍ തുടരാന്‍ കഴിഞ്ഞാല്‍ മാത്രമാണ് 39കാരനായ റൊണാള്‍ഡോയ്ക്ക് സ്വപ്‌നം പൂര്‍ത്തീകരിക്കാനാവുക. മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന റൊണാള്‍ഡോയ്ക്ക് ഇനിയും പന്ത് തട്ടാന്‍ കഴിയുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com