ഫുട്ബോൾ സ്വർഗ്ഗത്തിൽ പിറവിയെടുത്ത സുൽത്താൻ; നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍

കാല്‍പ്പന്തിന്‍റെ സുല്‍ത്താന് ഇന്ന് 32-ാം ജന്മദിനം
ഫുട്ബോൾ സ്വർഗ്ഗത്തിൽ പിറവിയെടുത്ത സുൽത്താൻ; നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍

തെരുവുകളിലും സിരകളിലും കാല്‍പ്പന്തിന്റെ ചരിത്രം ഒഴുകുന്ന ഒരു രാജ്യമുണ്ട് അങ്ങ് ലാറ്റിനമേരിക്കയില്‍, ബ്രസീല്‍... കൊടും പട്ടിണിയിലും വിശപ്പിന്റെ വിളി മറക്കാന്‍ ഒരു തുകല്‍പ്പന്തിനോട് കൂട്ടുകൂടിയ ജനതയുടെ നാട്. ദാരിദ്ര്യം വിളിച്ചോതുന്ന പൊട്ടിപ്പൊളിഞ്ഞ മതിലുകളില്‍ ചെളി പുരണ്ട ഫുട്‌ബോളിന്റെ രൂപം പതിഞ്ഞതും ബ്രസീല്‍ തെരുവുകളുടെ അഴകായിരുന്നു... കാലത്തിന്റെ പ്രയാണത്തില്‍ തെരുവുകളും ഗ്രാമങ്ങളും മാറി... അപ്പോഴും ഫുട്‌ബോളിനോടുള്ള സ്‌നേഹവും ആത്മബന്ധവും മാറ്റമില്ലാതെ തുടര്‍ന്നു. ഫുട്‌ബോളിന്റെ പര്യായമായി മാറിയ ആ നാട് പിന്നീട് ഒരു സുല്‍ത്താന് ജന്മം നല്‍കി, നെയ്മര്‍. നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍.

അതെ, ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെയ്ക്ക് ശേഷം ഗാരിഞ്ച, റൊമേരിയോ, റിവാൾഡോ, ബെബറ്റോ, റൊണാള്‍ഡോ, കഫു അതിന് ശേഷം കക്കയും റൊണാള്‍ഡീഞ്ഞോയും അടക്കിവാണ ബ്രസീലിയന്‍ ഫുട്ബോള്‍ സാമ്രാജ്യത്തിന്റെ പിൻഗാമിയാര് എന്ന ചോദ്യത്തിന് മുന്നിലേക്കായിരുന്നു നെയ്മർ ജൂനിയറിൻ്റെ വരവ് . സാംബാ നൃത്തച്ചുവടുകളുമായി വന്ന ചെറുപ്പക്കാരന്‍. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ലോകാത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെട്ടയാള്‍. ശരിയാണ് ഹീ വാസ് എ ട്രൂ ഫിനോമിനന്‍. ഇന്ന് നെയ്മറിൻ്റെ 32-ാം പിറന്നാൾ.

1992 ഫെബ്രുവരി അഞ്ചിന് ബ്രസീലിലെ സാവോപോളോയില്‍ നെയ്മര്‍ സാന്റോസ് സീനിയറിന്റെയും നഥീന്‍ ഗോണ്‍സാല്‍വസിന്റെയും മകനായാണ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍ ജനിക്കുന്നത്. സാവോപോളോ ഫുട്ബോള്‍ ലീഗിൽ നിലവാരത്തിൽ ഏറെ താഴെയുള്ള ക്ലബിലെ താരമായിരുന്നു നെയ്മറിന്റെ പിതാവ്. വലുതായിട്ടൊന്നും ആഗ്രഹിക്കാനാവാത്ത കുടുംബമായിരുന്നു നെയ്മറിന്റേത്, കളി കഴിഞ്ഞു വരുമ്പോള്‍ അച്ഛന്‍ വീട്ടിലേയ്ക്ക് പരിശീലിക്കുന്ന പന്തുകള്‍ കൊണ്ടുവരുമായിരുന്നു, ചിലതൊക്കെ നൂല് പൊട്ടിപ്പോയ ഫുട്‌ബോളായിരിക്കും, അമ്മയുടെ സഹായത്തോടെ പന്ത് തുന്നിപ്പിടിപ്പിക്കും. കുഞ്ഞ് നെയ്മര്‍ ആ പന്തുമായി കൂട്ടുകാര്‍ക്കൊപ്പം ഗമയില്‍ കളിക്കും. തെരുവിലെത്തുന്ന പുത്തന്‍ പന്തിന്റെ ഉടമ. ഗമ തന്നെയാണ് പ്രധാനം.

2010 ലോകകപ്പ് കാലഘട്ടം. കക്കയും റൊബീഞ്ഞോയും ഫാബിയാനോയും ഡാനി ആല്‍വസും അടങ്ങിയ ബ്രസീലിയന്‍ ലോകകപ്പ് നിര, സാന്റോസില്‍ പന്തുകൊണ്ട് വിസ്മയം തീര്‍ക്കുന്ന നെയ്മറെന്ന ഒരു കൗമാരക്കാരനെക്കൂടി കരുത്തുറ്റ ആ സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്തണമെന്ന് അന്നത്തെ പരിശീലകനായ കാര്‍ലോസ് ഡുങ്കയോട് ആവശ്യപ്പെടുന്നു. കഴിവുള്ളവനാണെങ്കിലും ഒരു ലോകകപ്പ് കളിക്കാനുള്ള പക്വതയോ അനുഭവസമ്പത്തോ ആ പയ്യന് ഇല്ലെന്ന് പറഞ്ഞ് ഡുങ്ക ആവശ്യം തിരസ്‌കരിക്കുകയാണ് ചെയ്തത്. പക്ഷേ പിന്നീട് ബ്രസീലിയന്‍ ഫുട്‌ബോള്‍ സാമ്രാജ്യത്തിന്റെ സുല്‍ത്താനായി വാഴാന്‍ പോവുന്ന താരത്തെയാണ് താന്‍ ഒഴിവാക്കിയതെന്ന് ഡുങ്കയും അന്ന് കരുതിയിട്ടുണ്ടാകില്ല.

2010 ഓഗസ്റ്റ് പത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സിനെതിരെയുള്ള മത്സരത്തിലാണ് നെയ്മര്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറുന്നത്. അന്ന് 11-ാം നമ്പറിലിറങ്ങിയ നെയ്മര്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടി വിസ്മയിപ്പിച്ചു. അന്ന് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കാനറിപ്പട വിജയിച്ചത്.

എന്നാല്‍ നെയ്മറിന്റെ ഇന്റര്‍നാഷണല്‍ കരിയറില്‍ വഴിത്തിരിവെന്ന് രേഖപ്പെടുത്തുന്നത് 2013ലെ കോണ്‍ഫെഡറേഷന്‍ കപ്പാണ്. 2010 ലോകകപ്പും 2012 യൂറോകപ്പും നേടി ഫുട്‌ബോള്‍ ലോകത്തെ മുടിചൂടാ മന്നന്മാരായി നിലകൊള്ളുകയായിരുന്ന സ്‌പെയിന്‍. ഐക്കര്‍ കാസില്ലസും റാമോസും പിക്കയും ബുസ്‌ക്വെറ്റ്‌സും സാവിയും ഇനിയേസ്റ്റയും ഫെര്‍ണാണ്ടോ ടോറസും തീപടര്‍ത്തിയ സ്‌പെയിനിനോട് സമനില പോലും സ്വപ്‌നം മാത്രമായിരുന്ന കാലഘട്ടം.

ആ സ്‌പെയിനായിരുന്നു കോണ്‍ഫെഡറേഷന്‍ കപ്പിന്റെ കലാശപ്പോരില്‍ ബ്രസീലിന്റെ എതിരാളി. എന്നാല്‍ എല്ലാ ഫുട്‌ബോള്‍ സമവാക്യങ്ങളെയും തിരുത്തിക്കുറിച്ചുകൊണ്ട് ആ പത്താം നമ്പറുകാരന്‍ മാരക്കാനയില്‍ അവതരിച്ചു. അന്ന് പേരുകേട്ട സ്പാനിഷ് പ്രതിരോധം നെയ്മറെന്ന 21കാരന് മുന്നില്‍ ഓടിത്തളരുന്ന കാഴ്ചയ്ക്കാണ് പിന്നീട് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും നേടി മുന്നേറുകയായിരുന്ന നെയ്മറിനെ പിടിച്ചുനിര്‍ത്താന്‍ ജെറാര്‍ഡ് പിക്കെയ്ക്ക് റെഡ് കാര്‍ഡ് വരെ വാങ്ങേണ്ടി വന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്‌പെയിനില്‍ നിന്ന് കോണ്‍ഫെഡറേഷന്‍ കപ്പ് പിടിച്ചുവാങ്ങിയ നെയ്മറിനെയായിരുന്നു ഗോള്‍ഡന്‍ ബോയ് അവാര്‍ഡ് തേടിയെത്തിയതും. കാല്‍പ്പന്തിന്റെ അതികായരായ സ്‌പെയിനിനെ കാല്‍ച്ചുവട്ടിലാക്കിയ ഗോള്‍ഡന്‍ ബോയ് പിന്നീട് കാനറിപ്പടയുടെ രാജകുമാരനായതിന് കാലവും ചരിത്രവും സാക്ഷി.

ബ്രസീല്‍ പിന്നീട് 2014ലെ ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയായി. ലോകമെമ്പാടുമുള്ള ബ്രസീല്‍ ആരാധകരുടെ പ്രതീക്ഷയും നെയ്മറെന്ന പ്രതിഭയിലേക്ക് മാത്രമായി ചുരുങ്ങി. കാമറൂണിനതിരായ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ കമന്ററി ബോക്‌സില്‍ നിന്ന് ഇങ്ങനെ പറയുകയുണ്ടായി. He might be carrying the expectation of his nation on his shoulder. അതെ ഒരു ജനതയുടെ ഒന്നാകെ ഫുട്‌ബോള്‍ പ്രതീക്ഷകള്‍ ഒറ്റയ്ക്ക് ചുമലിലേറ്റിയായിരുന്നു നെയ്മര്‍ എതിരാളികളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയത്.

കൊളംബിയയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലിന്റെ 86-ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ ഹൃദയം കീറിമുറിക്കപ്പെട്ട ആ സംഭവം ഉണ്ടായി. കാനറികളുടെ സാംബാ താളങ്ങളും ആവേശവും മാത്രം അലയടിച്ചിരുന്ന കാസ്റ്റലോ സ്‌റ്റേഡിയത്തെ നിശബ്ദമാക്കി അയാള്‍ പുല്‍മൈതാനിയില്‍ വീണ് കിടന്നു. വേദന കൊണ്ട് പിടയുന്ന നെയ്മറെ ഫുട്‌ബോള്‍ ലോകം ഒന്നാകെ കണ്ണീരോടെ നോക്കിനിന്നു. കൊളംബിയന്‍ ഡിഫന്‍ഡറുടെ ഫൗളില്‍ നട്ടെല്ലിന് പരിക്കുപറ്റി വീണുപോയ നെയ്മറെ മൈതാനത്തിന് പുറത്തേക്ക് സ്‌ട്രെച്ചറില്‍ കൊണ്ടുപോയി. നെയ്മറില്ലാത്ത ബ്രസീല്‍ സെമിഫൈനല്‍ കടമ്പ പോലും കടക്കാതെ പുറത്തായി. അതും ജര്‍മ്മനിയോട് ഏഴ് ഗോളുകള്‍ വഴങ്ങിയ ബ്രസീലിയൻ ദുരന്തത്തിൻ്റെ, ഇന്നും കണ്ണിരുണങ്ങാത്ത ഓർമ്മചിത്രങ്ങൾ ബാക്കിയാക്കി.

പരിക്ക് മാറി തിരിച്ചെത്തിയ നെയ്മര്‍ 2016ല്‍ ഒളിമ്പിക്‌സില്‍ ബ്രസീലിന് ഗോള്‍ഡ് മെഡല്‍ നേടിക്കൊടുത്ത് തന്റെ പ്രതിഭയുടെ തിളക്കം മങ്ങിയിട്ടില്ലെന്ന് തെളിയിച്ചു. 2018 ലോകകപ്പ് പോരാട്ടം ആരംഭിച്ചപ്പോഴേക്കും നെയ്മര്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരമായി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ കെവിന്‍ ഡി ബ്രൂയ്‌നെയുടെ ബെല്‍ജിയത്തിന് മുന്നില്‍ കാനറിപ്പടയ്ക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീടുള്ള നെയ്മറിന്റെ കാല്‍പ്പന്ത് ജീവിതത്തില്‍ പരിക്ക് എപ്പോഴും വില്ലനായി അവതരിച്ചു.

2019ല്‍കോപ്പ അമേരിക്ക നേടുമ്പോള്‍ മഞ്ഞപ്പടയ്‌ക്കൊപ്പം സുല്‍ത്താനുണ്ടായിരുന്നില്ല. 2021 കോപ്പയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കലാശപ്പോരില്‍ മെസ്സിപ്പടയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. 2022 ലോകകപ്പിലും പരിക്കേറ്റ് പുറത്തായെങ്കിലും തിരിച്ചുവന്നു. ഇപ്പോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടയിൽ പരിക്കേറ്റ നെയ്മറിന് 2024 കോപ്പ അമേരിക്കയും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പക്ഷേ ഇത് നെയ്മറാണ്... പരിക്കും പരിഹാസവുമേറ്റിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമേ അയാള്‍ക്കുള്ളൂ. ഒരു ഫിനിക്‌സ് പക്ഷിയെ പോലെ. പിറന്നാളാശംസകള്‍ നെയ്മര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com