ഖത്തർ പരീക്ഷയിൽ ഇന്ത്യയ്ക്ക് തോൽവി; ലോകകപ്പ് യോ​ഗ്യത ഇനി കടുപ്പം

ആദ്യ 30 മിനിറ്റിനുള്ളിൽ ഖത്തർ എട്ട് കോർണർ കിക്കുകൾ നേടിയെടുത്തു.
ഖത്തർ പരീക്ഷയിൽ ഇന്ത്യയ്ക്ക് തോൽവി; ലോകകപ്പ് യോ​ഗ്യത ഇനി കടുപ്പം
Updated on

ഭുവനേശ്വർ: ഫിഫ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഖത്തറിനോട് തോൽവി വഴങ്ങി ഇന്ത്യ. ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനോട് എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യ താളം കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഖത്തറിന്റെ ആദ്യ ​ഗോൾ പിറന്നു. ആദ്യ മിനിറ്റുകളിൽ ഇന്ത്യൻ പ്രതിരോധത്തെ ഖത്തർ തുടർച്ചയായി വെല്ലുവിളിച്ചു. നാലാം മിനിറ്റിൽ മുസ്തഫ മെഷാലിന്റെ ഷോട്ട് നോക്കി നിൽക്കാനെ ഇന്ത്യൻ ​ഗോൾ കീപ്പർ അമരീന്ദർ സിം​ഗിന് സാധിച്ചുള്ളു. പിന്നീട് ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരികെ വരാൻ സാധിച്ചു. എങ്കിലും ശക്തമായ ആക്രമണവുമായി ഖത്തർ മുന്നേറി.

ആദ്യ 30 മിനിറ്റിനുള്ളിൽ ഖത്തർ എട്ട് കോർണർ കിക്കുകൾ നേടിയെടുത്തു. ശക്തമായ ഇന്ത്യൻ പ്രതിരോധം ​ഗോളെണ്ണം ഉയർത്താനുള്ള ഖത്തറിന്റെ ആ​ഗ്രഹങ്ങൾക്ക് തടസം നിന്നു. ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് ഗോൾ പോസ്റ്റിനെ ലക്ഷ്യം വയ്ക്കുന്ന ആദ്യ ശ്രമം 35-ാം മിനിറ്റിലാണ് വന്നത്. അപുയ തൊടുത്ത ഷോട്ട് പക്ഷേ ​ഗോൾപോസ്റ്റിന് ഏറെ മുകളിലൂടെ പോയി. പിന്നാലെ ഖത്തർപോസ്റ്റിലേക്ക് ആക്രമണവുമായി നിലവാരമാർന്ന പ്രകടനം ഇന്ത്യ പുറത്തെടുത്തു. പക്ഷേ ഫിനിഷിം​ഗിലെ പോരായ്മകൾ ചില മികച്ച അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമായി.

42-ാം മിനിറ്റിൽ ഖത്തറിന്റെ അൽമോസ് അലി വലചലിപ്പിച്ചെങ്കിലും ​ഗോൾ ആഘോഷത്തിന് മുമ്പ് തന്നെ ഓഫ്സൈഡ് ഫ്ലാ​ഗ് ഉയർന്നു. ആദ്യ പകുതി പിന്നിടുമ്പോൾ ഖത്തർ ഏകപക്ഷീയമായ ഒരു ​ഗോളിന് ഖത്തർ ​​ലീഡ് ചെയ്തു. ആദ്യ പകുതിക്ക് സമാനമായി രണ്ടാം പകുതിയും ഖത്തറിന്റെ തകർപ്പൻ ​ഗോളോടെയാണ് തുടക്കമായത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഓഫ്സൈഡിൽ കുരുങ്ങി നഷ്ടമായ ​ഗോൾ ഇത്തവണ അൽമോസ് അലി പൂർത്തിയാക്കി.

രണ്ടാം പകുതിയിൽ ഉദാന്ത സിം​ഗിന് പകരം മഹേഷ് സിം​ഗിനെ ഇന്ത്യ ഇറക്കിയിരുന്നു. 63-ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയ്ക്ക് പകരം മലയാളി താരം സഹൽ അബ്ദുൾ സമദും ​ഗ്രൗണ്ടിലെത്തി. ആദ്യ പകുതിയിൽ അപൂയ, അനിരുദ്ധ ഥാപ്പ ഓരോ അവസരങ്ങൾ നഷ്ടപ്പെടുത്തിയപ്പോൾ ​ഗ്രൗണ്ടിൽ ഇറങ്ങിയ ഉടൻ തന്നെ സഹൽ അബ്ദുൾ സമദും മികച്ച ഒരവസരം പാഴാക്കി. 82-ാം മിനിറ്റിൽ സുനിൽ ഛേത്രിയെയും ലാലിയന്‍സുവാല ഛാങ്തയെയും ഇന്ത്യൻ പിൻവലിച്ചു. പകരക്കാരായി ഇഷാൻ പണ്ഡിതയും രാഹുൽ കെ പിയുമാണ് എത്തിയത്.

84-ാം മിനിറ്റിൽ യൂസഫ് അബ്ദുറിസാഖ് ഇന്ത്യൻ തോൽവിയുടെ ആഘാതം വീണ്ടും ഉയർത്തി. മുഹമ്മദ് വാദിന്റെ ക്രോസ് തകർപ്പൻ ഹെഡറിലൂടെ അബ്ദുറിസാഖ് വലയിലെത്തിച്ചു. രണ്ടാം പകുതിയിലും ​ഗോൾ നേടാൻ കഴിയാതെ വന്നതോടെ ഏകപക്ഷീയമായി ഇന്ത്യ മത്സരം കൈവിട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com