
തെഹ്റാൻ: എഎഫ്സി ചാമ്പ്യൻസ് ലീഗിനിടെ കളിക്കാർ തമ്മിൽ വാക്കേറ്റം. അൽ ഹിലാലും നസ്സാജി മാസന്ദരനും തമ്മിലുള്ള മത്സരത്തിനിടെയാണ് കളിക്കാർ തമ്മിൽ വാക്കേറ്റമുണ്ടായത്. അൽ ഹിലാലിന്റെ അലക്സാണ്ടർ മിട്രോവിച്ചും നസ്സാജിയുടെ അമീർ മുഹമ്മദ് ഹൌഷ്മാൻദും തമ്മിലാണ് തർക്കം ഉടലെടുത്തത്. പിന്നാലെ മറ്റ് താരങ്ങളും രംഗത്തെത്തിയതോടെ മത്സരം തടസപ്പെട്ടു. പിന്നാലെ അൽ ഹിലാലിന്റെ സൽമാൻ അൽ ഫരാജിനും നസ്സാജിയുടെ അമീർ മുഹമ്മദ് ഹൌഷ്മാൻദും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ആദ്യ പകുതിയിൽ 13 മിനിറ്റ് ഇഞ്ചുറി ടൈം നൽകിയാണ് മുടങ്ങിയ മത്സര സമയം ക്രമീകരിച്ചത്.
മത്സരത്തിൽ സൗദി ക്ലബായ അൽ ഹിലാൽ, നസ്സാജി മാസന്ദരനെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അൽ ഹിലാലിന്റെ വിജയം. അലക്സാണ്ടർ മിട്രോവിച്ച്, നെയ്മർ ജൂനിയർ, സലേഹ് അൽ ഷെഹ്രി എന്നിവരാണ് അൽ ഹിലാലിന് വേണ്ടി ഗോളുകൾ നേടിയത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാലിന് വേണ്ടി നെയ്മറിന്റെ ആദ്യ ഗോളാണ് ഇന്നത്തേത്.
മറ്റൊരു മത്സരത്തിൽ എഎഫ്സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് വീണ്ടും തോൽവി. ഉസ്ബെക്കിസ്ഥാൻ ക്ലബായ നവബഹോർ എഫ്സിയോടാണ് മുംബൈ സിറ്റിയുടെ പരാജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നവബഹോർ എഫ്സി മത്സരം വിജയിച്ചു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ആദ്യ മത്സരത്തിൽ ഇറാനിയൻ ക്ലബായ നസ്സാജി മാസന്ദരനോടും മുംബൈ പരാജയപ്പെട്ടിരുന്നു. മുംബൈയുടെ അടുത്ത മത്സരം സൗദി ക്ലബായ അൽ ഹിലാലിനോടാണ്.