'ഇത് അപമാനിക്കുന്നതിന് തുല്യം'; കോച്ചിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നെയ്മര്‍

കോച്ചിനെ പുറത്താക്കണമെന്ന് ക്ലബ്ബിനോട് താരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്
'ഇത് അപമാനിക്കുന്നതിന് തുല്യം'; കോച്ചിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നെയ്മര്‍

സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍ മാനേജര്‍ ജോര്‍ജ് ജീസസിനെ പുറത്താക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് സൂപ്പര്‍ താരം നെയ്മര്‍. ജോര്‍ജ് ജീസസുമായി നെയ്മര്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നും കോച്ചിനെ പുറത്താക്കണമെന്ന് ക്ലബ്ബിനോട് താരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്തകളെല്ലാം അസത്യമാണെന്നും ഇത്തരം വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും നെയ്മര്‍ പറഞ്ഞു.

'എല്ലാം കള്ളമാണ്. നിങ്ങളെല്ലാവരും ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ വിശ്വസിക്കുന്നത് നിര്‍ത്തണം. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള പേജുകള്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പങ്കുവെക്കരുത്. എല്ലാവിധ ബഹുമാനത്തോടും കൂടിയാണ് പറയുന്നത്, ഇത്തരം പ്രചാരണങ്ങള്‍ ഇവിടെ നിര്‍ത്തണം. കാരണം ഇത് അപമാനിക്കുന്നതിന് തുല്യമാണ്', നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഓഗസ്റ്റില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരിസ് സെന്റ് ജര്‍മ്മനില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ ഹിലാലിലേക്ക് എത്തിയ ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഇതുവരെ തന്റെ പുതിയ ക്ലബ്ബിന് വേണ്ടി സ്‌കോര്‍ ചെയ്തിട്ടില്ല.

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഉസ്‌ബെസ്‌കിസ്ഥാന്‍ ക്ലബ്ബായ നവബഹോര്‍ നമാംഗനെതിരെ അല്‍-ഹിലാല്‍ 1-1ന് സമനില വഴങ്ങിയിരുന്നു. ഇതിന് ശേഷമാണ് നെയ്മറും മാനേജര്‍ ജോര്‍ജ് ജീസസും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്. ഗ്രൗണ്ടിലെ മോശം മനോഭാവത്തെത്തുടര്‍ന്ന് കോച്ച് ജീസസ് നെയ്മറിനെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോച്ചിനെ പുറത്താക്കണമെന്ന് നെയ്മര്‍ ക്ലബ്ബിനോട് ആവശ്യപ്പെട്ടതെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നെയ്മറുടെ പരാതിയെത്തുടര്‍ന്ന് ടീമിന്റെ പ്രകടനം മെച്ചപ്പെട്ടില്ലെങ്കില്‍ പുറത്തുപോകേണ്ടി വരുമെന്ന് ക്ലബ്ബ് ഡയറക്ടര്‍മാര്‍ കോച്ചിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അല്‍ ഹിലാലിലെത്തിയതിന് ശേഷം നെയ്മര്‍ രണ്ട് തവണ മാത്രമാണ് മൈതാനത്ത് 90 മിനിറ്റ് പൂര്‍ത്തിയാക്കിയത്. അല്‍ റിയാദിനെ 6-1ന് തകര്‍ത്ത മത്സരത്തില്‍ രണ്ട് അസിസ്റ്റുകളുമായാണ് 31കാരനായ താരം പുതിയ ക്ലബ്ബിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയത്. എന്നാല്‍ ഡമാക് എഫ്‌സിക്കെതിരെയും നവബഹോര്‍ നമാംഗനെതിരെയും സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ മുന്‍ ബാഴ്‌സലോണ താരത്തിന് സ്‌കോര്‍ ചെയ്യാനോ അസിസ്റ്റ് നല്‍കാനോ സാധിച്ചിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com