
ഹാങ്ചൗ: ഏഷ്യന് ഗെയിംസ് ഫുട്ബോളിലെ ആദ്യ മത്സരത്തില് ഇന്ത്യയ്ക്ക് കനത്ത തോല്വി. ഗ്രൂപ്പ് എയിലെ മത്സരത്തില് ആതിഥേയരായ ചൈനയാണ് ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്ക് ഇന്ത്യയെ തകര്ത്തത്. ആദ്യ പകുതിയില് ഒരു ഗോളിന് മുന്നില് നിന്ന ചൈനയ്ക്ക് ആദ്യ പകുതി തീരും മുന്പ് മറുപടി നല്കാന് ഇന്ത്യക്ക് സാധിച്ചിരുന്നു. മലയാളി താരം കെ പി രാഹുലാണ് ഇന്ത്യയുടെ ആശ്വാസ ഗോള് നേടിയത്. 2010ന് ശേഷം ഏഷ്യന് ഗെയിംസില് ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില് തന്നെ ചൈന ആക്രമണം തുടങ്ങി. 16-ാം മിനിറ്റില് ഗാവോ തിയാനി ചൈനയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. കോര്ണര് ക്ലിയര് ചെയ്യുന്നതില് ഇന്ത്യന് പ്രതിരോധനിരക്ക് പറ്റിയ പിഴവ് മുതലെടുത്താണ് ആതിഥേയര് ഗോളുറപ്പിച്ചത്. പിന്നീട് നിരവധി അവസരങ്ങള് ഉണ്ടായെങ്കിലും ഗോള് വഴങ്ങാതെ ഇന്ത്യ രക്ഷപ്പെട്ടു. 23-ാം മിനിറ്റില് ചൈനയുടെ ടാന് ലോങിനെ ഇന്ത്യന് ഗോള് കീപ്പര് ഗുര്മീത് സിങ് സന്ധു ബോക്സില് വീഴ്ത്തിയതിന് ചൈനക്ക് അനുകൂലമായി പെനാല്റ്റി വിധിക്കപ്പെട്ടു. കിക്ക് തടുത്തിട്ട് ഗുര്മീത് തന്നെ ഇന്ത്യയുടെ രക്ഷകനായി. ആദ്യ പകുതിയുടെ അധിക സമയത്ത് സോളോ റണ്ണിലൂടെ മലയാളി താരം രാഹുല് കെ പി ഉതിര്ത്ത ഷോട്ട് ചൈനീസ് വല കുലുക്കിയതോടെ ഇന്ത്യ സമനില കണ്ടെത്തി. ആദ്യ പകുതിയില് ഓരോ ടീമും ഓരോ ഗോള് അടിച്ചുപിരിഞ്ഞു.
രണ്ടാം പകുതിയില് പക്ഷേ ഇന്ത്യയുടെ പ്രതിരോധം മുഴുവന് പാളിപ്പോയി. നാല് ഗോളുകളാണ് രണ്ടാം പകുതിയില് ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നത്. 51-ാം മിനിറ്റില് ദായ് വെയ്ജുന് ചൈനയെ വീണ്ടും മുന്നിലെത്തിച്ചു. നാല് മിനിറ്റിനിടെ രണ്ട് ഗോളുകള് കൂടി മടക്കി ചൈന ഇന്ത്യയുടെ തിരിച്ചു വരവിന്റെ പ്രതീക്ഷകള് അവസാനിപ്പിച്ചു. 72, 76 മിനിറ്റുകളില് താവോ ക്വിയാങ്ലോങ് ആണ് ഗോളുകള് നേടിയത്. ഒടുവില് കളി തീരാന് നിമിഷങ്ങള് മാത്രമുള്ളപ്പോള് ഫാങ് ഹാവോ പട്ടിക തികച്ചു. 70ാം മിനിറ്റില് പകരക്കാരനായി ഫാങ് ഹാവോ ഇറങ്ങിയതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. താവോ ക്വിയാങ് നേടിയ രണ്ട് ഗോളുകള്ക്കും വഴിയൊരുക്കിയത് ഫാങ് ഹാവോയായിരുന്നു. പിന്നാലെ രണ്ടാം പകുതിയുടെ അധികസമയത്ത് ഫാങ് ഹാവോ അവസാന ഗോളും വലയിലാക്കി.