
ബൊളീവിയ: ലയണൽ മെസ്സിക്ക് വിശ്രമം നൽകി അർജന്റീന ബൊളീവിയയ്ക്കെതിരെ കളത്തിലിറങ്ങി. ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ബൊളീവിയ ഒരു എതിരാളി ആയിരുന്നില്ല. 31-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടോസ് ആദ്യ ഗോൾ കണ്ടെത്തി. 39-ാം മിനിറ്റിൽ ബൊളീവിയയുടെ റോബർട്ടോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ 10 പേരായി ചുരുങ്ങിയ ബൊളീവിയൻ നിരയാണ് ലോകചാമ്പ്യന്മാരോട് ഏറ്റുമുട്ടിയത്. പിന്നാലെ അർജന്റീന ലീഡ് ഉയർത്തി. 42-ാം മിനിറ്റിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോ ആയിരുന്നു രണ്ടാം ഗോൾ നേടിയത്.
ആദ്യ പകുതി വ്യക്തമായ ആധിപത്യത്തോടെ അവസാനിപ്പിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞു. 60 ശതമാനം സമയത്തും അർജന്റീന പന്ത് നിയന്ത്രിച്ചു. രണ്ടാം പകുതിയിലും അർജന്റീനൻ താരങ്ങൾക്കായിരുന്നു പന്തിന്റെ നിയന്ത്രം. റോഡ്രിഗോ ഡി പോളും ജുലിയൻ അൽവാരസും എയഞ്ചൽ ഡി മരിയുമെല്ലാം കളം നിറഞ്ഞ് കളിച്ചു. ഒടുവിൽ 83-ാം മിനിറ്റിൽ അർജന്റീനയുടെ മൂന്നാം ഗോൾ പിറന്നു. നിക്കോളാസ് ഗോൺസാലസിന്റെ വകയായിരുന്നു മൂന്നാം ഗോൾ.
ബൊളീവിയൻ വെല്ലുവിളി കാര്യമായി ഉണ്ടാകാതെ വന്നതോടെ അനായാസം അർജന്റീന രണ്ടാം ജയം നേടി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീനയുടെ ജയം. യോഗ്യതാ റൗണ്ടിൽ രണ്ടാം മത്സരവും അർജന്റീന ജയിച്ചുകയറി. രണ്ട് മത്സരവും ജയിച്ച അർജന്റീന ഇപ്പോൾ ആറ് പോയിന്റുകൾ സ്വന്തമാക്കി.